ചെന്നൈ: തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ജില്ലാ കളക്ടർ ക്രാന്തികുമാർ പതിക്ക് മുമ്പാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.
കോയമ്പത്തൂർ സൗത്ത് എംഎൽഎയും മഹിളാമോർച്ച ദേശീയ അദ്ധ്യക്ഷയുമായ വാനതി ശ്രീനിവാസനും പാർട്ടി നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. പത്രിക സമർപ്പിക്കുന്നതിന് അദ്ദേഹം അരുൾമിഗു കോനിയമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥനയും റോഡ്ഷോയും നടത്തി. .
മുൻ കർണാടക കേഡർ ഐപിഎസ് ഓഫീസറായ അണ്ണാമലൈ 2019-ലാണ് സർവീസിൽ നിന്ന് രാജിവെച്ചത്. 2020ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു . ഒരു വർഷത്തിന് ശേഷം 37ാം വയസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി അദ്ദേഹം നിയമിതനായി. ബിജെപി സംസ്ഥാന ഘടകത്തിൽ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം.
അണ്ണാമലൈ സ്ഥാനാർത്ഥിയായതൊടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി കോയമ്പത്തൂർ മാറി. എഐഎഡിഎംകെയുടെ സിംഗൈ രാമചന്ദ്രനും ഡിഎംകെയുടെ ബി. രാജ്കുമാറുമാണ് മറ്റ് സ്ഥാനാർത്ഥികൾ.