തിരുവനന്തപുരം: മോദിസർക്കാർ ഭരണത്തിലിരിക്കുന്ന കാലം അഴിമതി കാണിച്ചവരെല്ലാം കണക്ക് പറയേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയത് എന്തിന്റെ പേരിലാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായിട്ടുള്ള അന്വേഷണത്തിൽ കഴമ്പില്ലെന്ന് പറഞ്ഞവർക്ക് കാര്യം മനസിലായിട്ടുണ്ടാകും. ഏത് സേവനം നടത്തിയതിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ മകൾ ഈ പണം കൈപ്പറ്റിയതെന്ന് ഇതുവരെയും വിശദീകരിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇക്കാര്യം വിശദീകരിക്കാൻ പിണറായി വിജയനോ അദ്ദേഹത്തിന്റെ പാർട്ടിയോ വീണ വിജയനോ തയ്യാറാകാത്തതെന്ന് വി മുരളീധരൻ ചോദിച്ചു.
നരേന്ദ്രമോദി സർക്കാർ ഭരണത്തിലിരിക്കുന്ന കാലം അഴിമതി കാണിച്ചവരെല്ലാം കണക്ക് പറയേണ്ടി വരും. അതിൽ ഇര വാദം ഉന്നയിച്ച് രക്ഷപ്പെടാം എന്ന് കരുതേണ്ട. പ്രതിപക്ഷ നേതാവിന് വീണ വിജയന്റെ കേസിൽ വിഷമം ഉണ്ടാകുമെന്ന് അറിയാം. ഈ കേസ് വന്നപ്പോൾ നിയമസഭയിൽ പോലും ഉന്നയിക്കാതെ ഓടി രക്ഷപ്പെട്ടയാളാണ് പ്രതിപക്ഷ നേതാവ്. അതുകൊണ്ട്, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ആദായനികുതി വകുപ്പിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡിയിൽ നിന്നും അന്വേഷണം വരുന്നത്. ഇലക്ഷൻ ഇല്ലാത്ത സമയത്ത് അന്വേഷണം നടന്നാൽ വേട്ടയാടൽ. ഇലക്ഷൻ സമയത്ത് നടന്നാൽ ഇലക്ഷൻ സ്റ്റണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. അന്വേഷണം അതിന്റേതായ വേഗതയിൽ പുരോഗമിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ തെരഞ്ഞെടുപ്പ് നോക്കിയോ സർക്കാരിനെ നോക്കിയോ അല്ല തീരുമാനം എടുക്കുന്നത്. അഴിമതി നടത്തിയവർ കണക്ക് പറയേണ്ടി വരുമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.















