ന്യൂഡൽഹി: അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ആശ്വാസമില്ല. അറസ്റ്റ് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജിയിൽ തീരുമാനമെടുക്കാതെ ഡൽഹി ഹൈക്കോടതി. ഇഡിയുടെ അറസ്റ്റിനെയും നടപടിയെയും ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്റെ ഹർജിയിലാണ് അനുയായികളെ നിരാശപ്പെടുത്തുന്ന തീരുമാനം വന്നത്. കെജ്‍രിവാളിന്റെ വാദങ്ങളിൽ ഇഡിക്ക് മറുപടി നൽകാനുളള സമയവും കോടതി നൽകി. ഏപ്രിൽ രണ്ടിന് മറുപടി നല്‍കാനാണ് കോടതിയുടെ നിർദേശം. ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.
ഇടക്കാല ആശ്വാസം ലഭിക്കാത്തതിനാല്‍ കെജ്‍രിവാൾ ജയിലിൽ തന്നെ തുടരേണ്ടി വരും. ജസ്റ്റീസ് സ്വർണകാന്ത ശർമയാണ് ഹർജിയിൽ ഉത്തരവ് പറഞ്ഞത്. കസ്റ്റഡിയിൽ നിന്നും ഉടൻ മോചിപ്പിക്കണമെന്ന ആവശ്യത്തിൽ ഒരു തീരുമാനവും കോടതി കൈക്കൊണ്ടില്ല. നാളെയാണ് അരവിന്ദ് കെജ്‍രിവാളിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്നത്. നാളെ കോടതിയിൽ ഹാജരാക്കുന്ന കെജ്‍രിവാളിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് സാധ്യത.
യാതൊരു തെളിവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്ന നടപടിയാണിതെന്നുമാണ് കോടതിയിൽ കെജ്‍രിവാളിന് വേണ്ടി ഹാജരായ അഭിഷേക് സിംഗ് വാദിച്ചത്.