19-കാരിയായ നീറ്റ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയാണ് മരിച്ചത്. രാജ്യത്തെ മികച്ച പരിശീലന കേന്ദ്രമെന്ന് അറിയപ്പെടുന്ന കോട്ടയിലെ ഈ വർഷത്തെ എട്ടാമത്തെ ആത്മഹത്യയാണിത്. രണ്ടുദിവസത്തിനിടെയുള്ള രണ്ടാമത്തെ മരണവും.
ലക്നൗ സ്വദേശിനിയായ സൗമ്യയാണ് ജീവനൊടുക്കിയത്. സ്വകാര്യ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് മാറ്റി. മരണ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇവരെത്തിയ ശേഷമാകും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുക.
25ന് ഉറുസ് ഖാൻ(20) എന്നൊരു വിദ്യാർത്ഥിയും ഹോസ്റ്റൽ റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയിരുന്നു. ഉത്തർ പ്രദേശിലെ കനൂജ് സ്വദേശിയായിരുന്നു. കഴിഞ്ഞ വർഷം നീറ്റിന് പരിശീലിക്കുന്ന 29 വിദ്യാർത്ഥികളാണ് കോട്ടയിൽ ജീവനൊടുക്കിയത്. സംഭവത്തിൽ സുപ്രീം കോടതി രക്ഷിതാക്കൾക്കെതിരെ വിമർശനം ഉയർത്തിയിരുന്നു.