യുപി മുൻ എംഎൽഎയും ഗുണ്ടാനേതാവുമായ മുഖ്താർ അൻസാരി മരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

Published by
Janam Web Desk

ലക്‌നൗ: ഉത്തർപ്രദേശിലെ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മുഖ്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

അൻസാരിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് വൻ പൊലീസ് സന്നാഹത്തെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ ഗുണ്ടാസംഘത്തിലെ ആളുകൾ സംസ്ഥാനത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചിലയിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ മൗവിൽ നിന്ന് അഞ്ച് തവണ വിജയിച്ച് എംഎൽഎ ആയിട്ടുള്ള അൻസാരി 61 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ഇതിൽ 15 എണ്ണം കൊലപാതകക്കുറ്റമാണ്. കോൺഗ്രസ് നേതാവിനെ അടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. മൗ, ഗാസിപൂർ, വാരാണസി, ജൗൻപൂർ ജില്ലകളിലും ഇയാൾക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1980ൽ ഗുണ്ടാസംഘത്തിൽ ചേർന്ന അൻസാരി, 1990ൽ സ്വന്തമായി ഒരു ഗുണ്ടാസംഘം ഉണ്ടാക്കുകയായിരുന്നു.

സംഘം ചേർന്ന് തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി തുടങ്ങിയ കേസുകളിലും അൻസാരി പ്രതിയാണ്. 2004ൽ ഇയാളുടെ കേന്ദ്രത്തിൽ നിന്ന് തോക്കുകൾ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2005 മുതൽ ജയിലിലായിരുന്നു.2023 ഏപ്രിലിൽ ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കള്ളത്തോക്ക് ലൈസൻസ് കേസിലും അൻസാരിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Share
Leave a Comment