തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി 65 വർഷം കൊണ്ട് വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ബിജെപി സർക്കാർ 10 വർഷം കൊണ്ട് ജനങ്ങളുടെ ജീവിതത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുന്നവരെയാണ് നാടിന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
‘തെരഞ്ഞെടുപ്പിനായി തിരുവനന്തപുരത്ത് വന്നത് ജയിക്കണം എന്ന ചിന്തയോടെയാണ്. പക്ഷെ, ഇവിടെയുള്ള ഓരോ സ്ഥലങ്ങളിലും പോയപ്പോൾ തെരഞ്ഞെടുപ്പ് എന്നതിനെക്കാൾ ഇവിടെയുള്ള ജനങ്ങൾക്കായി സേവ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതൽ, ഞാൻ പറഞ്ഞത് തിരുവനന്തപുരം മണ്ഡലത്തിലെ വികസനം ആയിരുന്നു. മറ്റ് പാർട്ടിയിലെ സ്ഥാനാർത്ഥികൾ ഹമാസിനെ കുറിച്ചും ആരാണ് ആദ്യം ഭാരത് മാതാ കീ ജയ് വിളിച്ചതെന്നുമൊക്കെയാണ് പറഞ്ഞത്. ജനങ്ങൾക്കായി വികസനം ചെയ്യാനുള്ള സമയമാണ്,
അവസരം ലഭിക്കുമ്പോൾ എന്ത് ചെയ്തു എന്നതാണ് ചിന്തിക്കേണ്ടത്. 10 വർഷം കൊണ്ട് ബിജെപി സർക്കാർ ജനങ്ങളുടെ ജീവിതത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തു. ജനങ്ങളുടെ വികസനത്തിനായി എല്ലാ കാര്യവും ചെയ്യാനുള്ളൊരു കഴിവുണ്ട്. അതാണ് ജനങ്ങൾക്കും ആവശ്യം. രാജ്യത്തെ പ്രധാനപ്പെട്ട ഒരു പാർട്ടി 65 കൊല്ലങ്ങളായി ഒരുപാട് വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. പക്ഷെ, ഒന്നും ചെയ്യുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടി ഒന്നും ചെയ്യുകയുമില്ല, പറയുകയുമില്ല മറ്റുള്ളവർക്ക് എന്തെങ്കിലും ചെയ്യാൻ അവസരം നൽകുകയുമില്ല. എന്നാൽ, ബിജെപി ചെയ്യാൻ പോകുന്നത് മാത്രമേ പറയുകയുള്ളൂ.’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.