22-കാരിയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച 42-കാരനെ പൊലീസ് പിടികൂടി. നിലവിൽ ചികിത്സയിലിരിക്കുന്ന ഇയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. നോയിഡയിലെ ചിജാർസി ഗ്രാമത്തിലാണ് ദാരുണ സംഭവം. വിവരം അറിഞ്ഞ് പൊലീസെത്തുമ്പോൾ ഇവർ ഗുരുതരാവസ്ഥയിലായിരുന്നു.
ഇരുവരെയും പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ യുവതിയുടെ മരണം സ്ഥിരീകരിച്ചു. ബല്ലിയ ജില്ലയിലെ നിഷ എന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിജാർസി സ്വദേശിയായ ധനഞ്ജയ കുമാർ ആണ് പ്രതി. ഒരു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
ധനഞ്ജയിനെ കാണാൻ നിഷ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ബുധനാഴ്ചയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചതും. ഇതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് സെട്രൽ നോയിഡ ഡി.സി.പി വ്യക്തമാക്കി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷം ഇയാളെ കോടിതിയൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.