ന്യൂഡൽഹി: ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് അന്വേഷണ ഏജൻസി. 20 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകുക. info.blr.nia@gov.in എന്ന ഇ-മെയിൽ വിലാസം മുഖേനയോ ഫോണിലൂടെയോ പ്രതികളുമായി ബന്ധപ്പെട്ട വിവരം പങ്കുവയ്‌ക്കാവുന്നതാണ്.
കഫേയിൽ ബോംബ് വച്ച മുസാഫിർ ഹുസൈൻ ഷാഹിബ്, സ്ഫോടനത്തിനായി ഗൂഢാലോചന നടത്തിയ അബ്ദുൾ മതീൻ താഹ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് ലക്ഷങ്ങൾ പ്രതിഫലമായി ലഭിക്കുക. ഇരുപ്രതികളും 2020ലെ ഭീകരവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ തിരയുന്ന യുവാക്കളാണ്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസുമായി ബന്ധപ്പെട്ട് ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനം ആസൂത്രണം ചെയ്തവരിൽ ഒരാളായ മുസാമിൽ ഷരീഫിനെയാണ് എൻഐഎ പിടികൂടിയത്. ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവടങ്ങളിലായി നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്.