ലക്നൗ: യുപി മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്ന കുടുംബത്തിന്റെ ആരോപണങ്ങളെ തള്ളുന്ന വിവരങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്.
മുഖ്താർ അൻസാരിയെ ഒടുവിൽ ചികിത്സിച്ച റാണി ദുർഗാവതി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ പാനലാണ് പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകിയത്. മുഖ്താർ അൻസാരിയുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. കൂടാതെ മുഴുവൻ പ്രക്രിയയും വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. അൻസാരിയുടെ ആന്തരീകാവയവങ്ങൾ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിഷാംശം ഉള്ളിൽ പ്രവേശിച്ചിട്ടുണ്ടോയെന്ന് അറിയാനാണ് വിദഗ്ധ പരിശോധന.
മുഖ്താർ അൻസാരിയുടെ മരണം കൊലപാതകമാണെന്നും ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാണെന്നും അടക്കമുള്ള നിരവധി അഭ്യൂഹങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഏറെ നിർണായകമാണ്. ജയിലിൽ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അൻസാരിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നിലവിൽ അൻസാരിയുടെ മൃതദേഹം, സ്വദേശമായ ഘാസീപൂരിലേക്ക് കൊണ്ടുപോയി. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് മൃതദേഹം എത്തിച്ചത്. മുഖ്താർ അൻസാരിയുടെ ഗുണ്ടാസംഘത്തിലെ പ്രവർത്തകർ സംഘർഷമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്.
യുപിയിലെ മൗവിൽ നിന്ന് അഞ്ച് തവണ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അൻസാരി, 61 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ 15ഉം കൊലക്കുറ്റമാണ്. കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലടക്കം പ്രതിയായിരുന്നു ഇയാൾ. 1980കളിലായിരുന്നു ഗുണ്ടാസംഘത്തിലേക്ക് അൻസാരി കടന്നുചെല്ലുന്നത്. പിന്നീട് 1990കളോടെ സ്വന്തമായൊരു ഗുണ്ടാസംഘത്തെ സൃഷ്ടിച്ചെടുക്കുകയായിരുന്നു അൻസാരി.















