ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല ഇഡി അന്വേഷിക്കുന്ന കേസുകൾ; പ്രത്യേക അഭിമുഖം; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

Published by
Janam Web Desk

തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തെ വേട്ടയാടാൻ ഇഡി ഉൾപ്പെടെയുളള അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയ ഉപകരണങ്ങളാക്കി ഉപയോഗിക്കുന്നു എന്നാണ് ബിജെപിക്കെതിരെ ഉയരുന്ന ഏറ്റവും വലിയ ആരോപണം. എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നത്?

അത് ഒരിക്കലും ശരിയല്ല, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ മറ്റേതെങ്കിലും അന്വേഷണ ഏജൻസികൾക്കോ ഒരു രാത്രി കൊണ്ട് ഒരു കേസ് ഉണ്ടാക്കാനാകില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ പ്രതിപക്ഷത്തെ ഒതുക്കാനായി ഇന്ന് ഒരു കേസ് രജിസ്റ്റർ ചെയ്ത് നാളെ അവരെ അറസ്റ്റ് ചെയ്യാനാകില്ല. അങ്ങനെ ഒരിക്കലും സംഭവിക്കുന്നില്ല. ഒരു കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ തെളിവുകളും കൃത്യമായ നടപടികളും പിന്തുടരേണ്ടതുണ്ട്. അതിന് അതിന്റേതായ സമയമെടുക്കും. പ്രതിപക്ഷം ഉയർത്തുന്ന പല കേസുകളും യഥാർത്ഥത്തിൽ അങ്ങനെ സംഭവിച്ചതാണ്. അതിൽ യുപിഎ സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന കേസുകൾ പോലും ഉണ്ട്. പക്ഷെ ഇപ്പോൾ തെരഞ്ഞെടുപ്പ് സമയത്താണ് കേസുകളെടുത്തതെന്ന് പറഞ്ഞ് അവർ നമ്മളെ വിഡ്ഢികളാക്കുകയാണ്.

കഴിഞ്ഞ കാലങ്ങളിൽ ഈ കേസുകളിലെല്ലാം അതിന്റേതായ നടപടിക്രമങ്ങൾ നടന്നുവന്നതാണ്. അത് ഇപ്പോൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് മാത്രം. ഇത്തരം ആരോപണങ്ങളിലൂടെ പ്രതിപക്ഷം എന്താണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് അഴിമതിക്കെതിരായ യുദ്ധം നിർത്തിവെയ്‌ക്കണമെന്നാണോ പറയുന്നത്? അതോ അവർ പ്രതിപക്ഷ നേതാക്കളായതുകൊണ്ട് ഒന്നും ചെയ്യരുതെന്നാണോ. തെരഞ്ഞെടുപ്പ് സമയമാണെങ്കിലും അല്ലങ്കിലും സാധാരണക്കാരൻ തെറ്റ് ചെയ്താൽ ഇവിടെ അന്വേഷണ ഏജൻസികൾ അവരുടെ അടുത്തു പോകും ചോദ്യം ചെയ്യും. അവിടെ നിയമ നടപടികൾക്ക് ഒരു ഇളവും ഉണ്ടാകില്ല. അത് തെരഞ്ഞെടുപ്പായാലും അല്ലെങ്കിലും സംഭവിക്കും. നിയമത്തെ ധിക്കരിക്കുന്ന എല്ലാവരും മറുപടി പറയേണ്ടി വരും. അതാണ് സംഭവിക്കുന്നത്.

കേരളത്തിന്റെ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ് അയച്ചു. കേരള മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഇഡി ഇസിഐആർ ഫയൽ ചെയ്തു. കേരളത്തിലെ രാഷ്‌ട്രീക്കാരുടെ അടുത്തേക്കും ഇഡി നീങ്ങുകയാണോ?

മുൻപ് ഒരു തെരഞ്ഞെടുപ്പ് സമയത്താണ് ഗുജറാത്ത് മുഖ്യമന്ത്രിയെ അന്വേഷണ ഏജൻസികൾ വേട്ടയാടിയത്. അന്ന് അങ്ങനെ ചെയ്യുന്നതിൽ അവർക്ക് പ്രശ്നമില്ലായിരുന്നു. അദ്ദേഹം അവിടെ പോകുകയും അന്വേഷണ ഏജൻസികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. ഏഴോ എട്ടോ മണിക്കൂർ തുടർച്ചയായി നോൺ സ്റ്റോപ്പ് ചോദ്യം ചെയ്യലാണ് അന്ന് നടന്നത്.

അത് കഴിഞ്ഞിറങ്ങിയപ്പോൾ മോദി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ വന്നു. അവരുടെ എല്ലാ ചോദ്യങ്ങൾക്കും എന്റെ അറിവനുസരിച്ച് ഞാൻ മറുപടി നൽകിയിട്ടുണ്ട്. ഇനി പോകുന്നു എന്നാണ് പറഞ്ഞത്. അല്ലാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല. പക്ഷെ പിന്നീട് താഴെത്തട്ടിലുളള കോടതികൾ മുതൽ സുപ്രീംകോടതി വരെ എത്തിയ അപ്പീലുകൾ ആ കേസുകൾ രാഷ്‌ട്രീയ പ്രേരിതമാണെന്ന് തെളിയിക്കുന്നതായിരുന്നു. ഈ കേസുകളിൽ ആരോപണങ്ങളും എഫ്ഐആറുകളുമൊക്കെ വർഷങ്ങളായി സംഭവിച്ചുകൊണ്ടിരുന്ന നടപടികളുടെ തുടർച്ചയാണ്.

കേരളത്തിലെ സഹകരണ മേഖലയിൽ നിരവധി അഴിമതിക്കഥകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇഡി കേരളത്തിലേക്ക് എത്തുന്നത്. ഇത്തരം അഴിമതികളിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി തന്നെ ഒരു സ്ഥാനാർത്ഥിക്ക് നേരിട്ട് ഉറപ്പ് നൽകിക്കഴിഞ്ഞു. പക്ഷെ ഇക്കാര്യത്തിൽ കോടതികളിൽ നിന്നു പോലും പല ചോദ്യങ്ങൾ ഉയരുന്നുണ്ട്. കേരളത്തിലെ സഹകരണ ബാങ്ക് അഴിമതി അന്വേഷണത്തിൽ എന്തെങ്കിലും തരത്തിൽ കാലതാമസം വന്നതായി തോന്നുന്നുണ്ടോ?

ഓരോ കേസുകളുടെയും കാര്യത്തിൽ എങ്ങനെയാണ് അതിന്റെ പുരോഗതിയെന്ന് പറയാൻ ഇപ്പോൾ സാധിച്ചെന്ന് വരില്ല. സാക്ഷികളെ കണ്ടെത്തുന്നതിലും വിവരങ്ങൾ തെളിവുകളായി മാറ്റുന്നതിലും രേഖകൾ തയ്യാറാക്കുന്നതിന്റെയുമൊക്കെ അടിസ്ഥാനത്തിലാകും കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാകുക. ഒന്ന് ഉറപ്പാണ്, ഏജൻസികൾ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. കാരണം അല്ലെങ്കിൽ അത് കേസിനെ ബാധിക്കും കോടതിയും ആ കേസിൽ കഴമ്പില്ലെന്ന് പറയും. അങ്ങനെ കേൾക്കാൻ ഒരു അന്വേഷണ ഏജൻസിയും ആഗ്രഹിക്കുന്നില്ല. കാരണം അത് അവരുടെ വിശ്വാസ്യതയെ ബാധിക്കും

കേരളത്തിലെ മാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന പുതിയ നരേറ്റീവ് ആണ് ഇഡി നിഴലിൽ ജനാധിപത്യം എന്ന്. ഇവിടുത്തെ മാദ്ധ്യമങ്ങൾ അവരുടെ എഡിറ്റോറിയൽ പേജുകളിൽ ഉൾപ്പെടെ അത്തരം ലേഖനങ്ങൾ അച്ചടിച്ചുവിടുകയാണ്.. അതേക്കുറിച്ച് എന്താണ് പറയാനുളളത്.

നിങ്ങൾ പ്രതിപക്ഷത്താണെങ്കിൽ, അല്ലെങ്കിൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ശക്തിയെ എതിർക്കുന്ന ഒരു പാർട്ടിയാണെങ്കിൽ, സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന പാർട്ടിയാണെങ്കിൽ പോലും നിങ്ങൾ ചെയ്യുന്നതിനെല്ലാം ഇളവ് നൽകണമെന്ന് വിചാരിക്കുന്നത് അത്ര നല്ലതല്ല. 2004 മുതൽ 2014 വരെയുളള കാലത്ത് എല്ലാ ദിവസവും ഓരോ അഴിമതിക്കഥകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. മാദ്ധ്യമങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തട്ടുകളിലുളളവർ അന്ന് സിബിഐ കൂട്ടിലടച്ച തത്തയായി മാറിയെന്ന് പറഞ്ഞിരുന്നു.

അഴിമതിക്കാരെ കണ്ടെത്തിയാലും നിയമപരമായി ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാൻ അവരെ അനുവദിച്ചിരുന്നില്ല. അഴിമതികളിലധികവും സർക്കാരുമായി ബന്ധപ്പെട്ട് സംഭവിച്ചുകൊണ്ടിരുന്നതിനാൽ സിബിഐയെ സ്വതന്ത്രരാക്കി വിടാനും അവർ തയ്യാറായില്ല. കാരണം സിബിഐക്ക് ചോദ്യങ്ങൾ ചോദിക്കേണ്ടത് സിറ്റിങ് മന്ത്രിമാരോടും യുപിഎയുമായി സഹകരിക്കുന്ന രാഷ്‌ട്രീയ പാർട്ടി നേതാക്കളോടുമായിരിക്കും. പക്ഷെ ഇപ്പോൾ സിബിഐയോ ഇഡിയോ കൂട്ടിലടച്ച തത്തയല്ല. അവർ അവരുടെ ജോലി ചെയ്യുന്നുണ്ട്. അവർ തെളിവുകൾ കണ്ടെത്തുന്നത് പ്രതിപക്ഷ നേതാക്കളിൽ നിന്നാണെന്ന് മാത്രം. കാരണം മോദി സർക്കാരിൽ അഴിമതിയില്ല. അതുകൊണ്ടു തന്നെ അവർക്ക് ഈ സർക്കാരിനെതിരെ തിരിയേണ്ടിയും വരുന്നില്ല. അഴിമതിക്കാരെല്ലാം പ്രതിപക്ഷത്താണ്. അതുകൊണ്ട് അവിടെ മാത്രം പോകേണ്ടി വരുന്നു.

ഇപ്പോൾ ഏറ്റവും ഉയർന്നുകേൾക്കുന്ന മുറവിളിയാണ് കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്നുവെന്ന് അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ

ഈ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ് എല്ലാ വസ്തുതകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി അതിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്. കോടതിയുടെ തീരുമാനം എന്താണെന്ന് എനിക്ക് പറയാനാകില്ല. പക്ഷെ ഒരു കാര്യം വ്യക്തമാണ്. അതിൽ ഉയരുന്ന ചില അടിസ്ഥാനപരമായ ചോദ്യങ്ങളുണ്ട്. കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാരിനോട് കടമെടുക്കേണ്ടെന്ന് പറയാനുളള അധികാരമുണ്ടോ? കടമെടുക്കുന്നതിന് ഉപാധികൾ മുന്നോട്ടുവെയ്‌ക്കാനുളള അധികാരമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണത്. സുപ്രീംകോടതി ഇതെല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ എല്ലാ വസ്തുതകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അത് പരിശോധിച്ച കോടതി പക്ഷെ ഒരിക്കൽ പോലും സംസ്ഥാനത്തെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്ന് പറഞ്ഞില്ല. മറിച്ച് കേന്ദ്രസർക്കാരിന്റെ സമ്പൂർണമായ അധികാരങ്ങൾ അംഗീകരിക്കുകയാണ് ചെയ്തത്. കോടതി വിധി എന്തായാലും സർക്കാർ അതിനെ മാനിക്കും.

ഇടക്കാലാശ്വാസത്തിന് വേണ്ടിയുളള കേരളത്തിന്റെ അപേക്ഷയിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് പിഴവുണ്ടായതായി കോടതി കണ്ടെത്തിയിട്ടില്ല. ഒരു സംസ്ഥാനത്തിനും പ്രത്യേക ആനുകൂല്യങ്ങൾ നൽകാനോ ഒരു സംസ്ഥാനത്തെയും ഇഷ്ടമല്ലെന്ന് പറഞ്ഞ് ശിക്ഷിക്കാനോ എനിക്ക് ഒരിക്കലും സാധിക്കില്ല. പക്ഷെ അതിന് അതിന്റേതായ ഫോർമുലയുണ്ട്. കേരളത്തെ കേന്ദ്രം സഹായിക്കുന്നില്ലെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. കാരണം കേന്ദ്രം ഒരു സംസ്ഥാനത്തെയും പ്രത്യേകിച്ച് സഹായിക്കുന്നില്ല. ഞങ്ങൾ ചെയ്യുന്നത് ഓരോ സംസ്ഥാനത്തിനും കൊടുക്കാനുളളത് കൊടുക്കുക എന്നതാണ്.

കടം വാങ്ങി നടന്നിരുന്ന രാജ്യത്തിൽ നിന്ന് ലോകത്തെ സ്വാധനീക്കുന്ന രാഷ്‌ട്രമായി മാറിയ കാഴ്ച., ഭാരതത്തിന്റെ ഈ യാത്രയെ എങ്ങനെ നോക്കിക്കാണുന്നു

നിരവധി കാര്യങ്ങൾ ഇന്ത്യയുടെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ഒരു തീരുമാനം സ്വീകരിക്കുന്നതിന് മുൻപ് ആഴത്തിൽ ചിന്തിക്കുക, ചർച്ച ചെയ്യുക, വിദഗ്ധരുടെ ഉപദേശം തേടുക, തീരുമാനമെടുക്കുന്ന പ്രക്രിയയിലേക്ക് സ്റ്റേക്ക് ഹോൾഡേഴ്സിനെ ഭാഗമാക്കുക, ഭാരതത്തിന്റെ ആവശ്യമെന്താണെന്ന് തിരിച്ചറിഞ്ഞ് തീരുമാനങ്ങൾ കൈക്കൊള്ളുക എന്നിവയെല്ലാം പരിഗണിച്ചിരുന്നു. ടെക്സ്റ്റ് ബുക്ക്- പരിഹാരങ്ങളല്ല അവലംബിച്ചിരുന്നത്. അത്തരം ഉപദേശങ്ങളെ പൂർണമായും തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യക്ക് ഒരു ഉത്പാദക രാജ്യമാകാനുള്ള കെൽപ്പില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം അഭിപ്രായ പ്രകടനങ്ങളെ ഉൾപ്പടെ വിശദമായി പഠിച്ചിരുന്നു. ഭാരതത്തിന്റെ മികച്ച ഭാവിക്ക് ഉതകുന്നതല്ലെന്ന് തിരിച്ചറിഞ്ഞ ഓരോ അഭിപ്രായങ്ങളും അവിടെ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ സവിശേഷതയെന്താണ്, ഇന്ത്യയുടെ ശക്തിയെന്താണ് എന്നതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ചില ഉപദേശങ്ങൾ എന്തുകൊണ്ട് ഇന്ത്യയിൽ പ്രാവർത്തികമാകില്ലെന്നും അവ നിരാകരിക്കേണ്ടി വരുന്നുവെന്നതും വിശദമായി അപഗ്രഥിച്ചു. ഓരോ ചർച്ചകൾക്കും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടായിരുന്നു. എല്ലാ ചർച്ചകളും അദ്ദേഹം കേൾക്കാൻ തയ്യാറായി. അതിന് ശേഷമാണ് ഓരോ തീരുമാനങ്ങളും സ്വീകരിച്ചത്. അതുകൊണ്ട് തന്നെ, ‘ഇന്ത്യയുടെ പരിഹാരങ്ങൾ’ രാജ്യം സ്വന്തമായി കണ്ടെത്തിയവയായിരുന്നു. ലോകത്തിന്റെ പല കോണിൽ നടക്കുന്ന നല്ല മാതൃകകളെക്കുറിച്ച് പഠിച്ചിരുന്നുവെന്നത് വസ്തുതയാണ്.

കേന്ദ്രസർക്കാർ നടത്തുന്ന ഓരോ അവകാശവാദങ്ങളും ഇന്ന് വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. രാജ്യത്ത് സംഭവിച്ചിരിക്കുന്ന ഓരോ വികസന പദ്ധതികൾക്ക് പിന്നിലും വലിയൊരു മാസ്റ്റർപ്ലാൻ ഉണ്ടായിരുന്നോ?

തീർച്ചയായും മാസ്റ്റർപ്ലാൻ പ്രകാരമാണ് ഓരോ വികസന പദ്ധതികളും നടപ്പിലാക്കിയിട്ടുള്ളത്. പുതിയ വാഗ്ദാനങ്ങൾ നൽകി അത് നടപ്പിലാക്കുക എന്നുള്ളതായിരുന്നില്ല, മറിച്ച് സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ഭാരതീയർ കേട്ടുപഴകിയ വാഗ്ദാനങ്ങൾ അത് അവർക്ക് നടപ്പിലാക്കി കൊടുക്കുക എന്നുള്ളതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി 2014ൽ അധികാരത്തിലേറിയ കാലത്ത് നൽകിയ നിർദേശം. ഏതൊരു രാഷ്‌ട്രീയ നേതാവ് തറക്കല്ലിട്ട പദ്ധതിയാണെങ്കിലും അത് വർഷങ്ങളായി മുടങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അത് പൂർത്തിയാക്കുക എന്നുള്ള ദൗത്യമാണ് സ്വീകരിച്ചത്. പഴയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചതിന് ശേഷം മാത്രം പുതിയ വാഗ്ദാനങ്ങൾ നൽകാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിൽ 56 റെയിൽവേ സ്റ്റേഷനുകൾ പുനർനവീകരിക്കാൻ പോവുകയാണ്. കൊല്ലം ബൈപ്പാസ് ഉൾപ്പടെ നിരവധി പദ്ധതികൾ ദശാബ്ദങ്ങളായി പൂർത്തിയാകാതെ കിടന്നു. ഇതെല്ലാം പൂർത്തിയാക്കാൻ നരേന്ദ്രമോദി തന്നെ വരേണ്ടിവന്നു. ഏതോ മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയാണ്, ഇതൊന്നും പൂർത്തിയാക്കാൻ എന്റെ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ പറ്റില്ലെന്ന അഹന്തയോടെയല്ല പ്രധാനമന്ത്രി ചിന്തിച്ചത്. ഒരു സംസ്ഥാനവും പുരോഗതിയുടെ കാര്യത്തിൽ പിന്നോട്ട് പോകരുതെന്ന് നരേന്ദ്രമോദിക്ക് നിർബന്ധമുണ്ടായിരുന്നു. ഓരോ മന്ത്രിസഭായോഗം വിളിക്കുമ്പോഴും ഇക്കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. 70 വർഷം ഭാരതത്തിന് നഷ്ടപ്പെട്ടു, ഇനി നാം ഒന്നായി ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കണം, ഭാരതത്തിന് വികസനം വേണമെന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത്.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകാൻ കുതിക്കുകയാണ് ഇന്ത്യ. ഏതെല്ലാം മേഖലകളിലെ പുരോഗതിയാണ് ഇതിനായി നിർണായക പങ്കുവഹിക്കുക

ഭാരതത്തിലെ ഓരോ മേഖലയും സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് പ്രധാനപ്പെട്ടതാണ്. ഓരോ സെക്ടറിനും അതിന്റേതായ പ്രധാന്യമുണ്ട്. ലോകത്തെ ഭീമൻമാരോട് കിടപിടിക്കുന്ന വിധത്തിൽ നമ്മുടെ ഓരോ സെക്ടറുകളും വളരേണ്ടതുണ്ട്. എന്നിരുന്നാലും ചില മേഖലകൾക്ക് കൂടുതൽ പങ്കുവഹിക്കാനാകും. പുനരുപയോഗ ഊർജ്ജം, അഡ്വാൻസ്ഡ് കെമിസ്ട്രി, നിർമിതബുദ്ധി, സെമികണ്ടക്ടർ എന്നീ പുതിയ മേഖലകളെല്ലാം ഇന്നത്തെ സാഹചര്യത്തിൽ അതീവ പ്രധാന്യമർഹിക്കുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം

Share
Leave a Comment