പാരീസ്: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്രോ (ISRO) സമീപകാലത്ത് നടത്തിയ വിജയകരമായ വിക്ഷേപണങ്ങൾക്ക് അഭിനന്ദനങ്ങളറിയിച്ച് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA). ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ ESA ഡയറക്ടർ ജനറൽ ജോസഫ് അഷ്ബച്ചർ പ്രശംസിച്ചു. ഭാരതത്തിന്റെ ചാന്ദ്ര പര്യവേക്ഷണം അമ്പരപ്പിക്കുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പാരീസിൽ വച്ച് നടന്ന 323-ാമത് കൗൺസിൽ യോഗത്തിന് ESA ആതിഥേയത്വം വഹിച്ചതിന് ശേഷമായിരുന്നു പരാമർശം. യോഗത്തിൽ ISROയെ പ്രതിനിധീകരിച്ച് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പങ്കെടുത്തിരുന്നു.
അന്താരാഷ്‌ട്ര പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെയും ആഴത്തിലുള്ള സഹകരണം ഉറപ്പുവരുത്തേണ്ടതിന്റെയും പ്രാധാന്യം വളരെ വലുതാണെന്ന് യൂറോപ്യൻ ശാസ്ത്രജ്ഞർ അടിവരയിട്ട് സൂചിപ്പിച്ചു. കൂടാതെ, ബഹിരാകാശ യാത്രികനായ തോമസ് പെസ്‌ക്വെറ്റ് ഇസ്രോ ചെയർമാനുമായും ഇഎസ്എ ഡയറക്ടറുമായും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചു. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിനെ പാരീസിലെ ഇഎസ്എ ആസ്ഥാനത്തേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. ഇസ്രോയും ESAയും തമ്മിലുള്ള സഹകരണ സാധ്യതകൾ വർദ്ധിപ്പിക്കണമെന്നും ബഹിരാകാശ പ്രയാണം ഒന്നിച്ചാകാമെന്നും അദ്ദേഹം പറഞ്ഞു.