ഹൈദരാബാദ്: ഇതരമതസ്ഥനായ ഭർത്താവിനൊപ്പം ചാർമിനാർ കാണാനെത്തിയ ദമ്പതികൾക്ക് മതമൗലികവാദികളുടെ മർദ്ദനമേറ്റ സംഭവത്തിൽ നാല് പേർ പിടിയിൽ. ചാർമിനാർ സന്ദർശിക്കാനെത്തിയ രാഹുലിനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ അടക്കം പുറത്തുവന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ചാർമിനാർ സന്ദർശിക്കാനായി ബുർഖ ധരിച്ചാണ് യുവതിയെത്തിയത്. ഇവരിൽ നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങൻ ശ്രമിച്ച അക്രമികൾ യുവാവിനെ പൊതിരെ തല്ലി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അക്രമികളിൽ ഒരാൾ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ചാർമിനാറിന് മുന്നിൽ വച്ചായിരുന്നു ഇവരുടെ ആക്രമണം.
മുസ്ലീം യുവതി ഹിന്ദു യുവാവിനെ വിവാഹം ചെയ്‌തെന്നും മുസ്ലീം ആയിരുന്നിട്ട് ഇത്തരത്തിൽ മോശമായ ഒരു പ്രവൃത്തി ചെയ്യാൻ നിനക്ക് നാണമില്ലെ എന്നും പ്രതികൾ ദമ്പതികളോട് ആക്രോശിക്കുന്നത് കാണാം. ദമ്പതികളോട് ആധാർകാർഡ് കാണിക്കാനും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.
അക്രമികളിൽ നിന്ന് രക്ഷപ്പെട്ട യുവാവ് പൊലീസിൽ പരാതി നൽകി. ചാർമിനാർ സന്ദർശിക്കാനായി ഭാര്യയ്‌ക്കും കുഞ്ഞിനും ഒപ്പം എത്തിയ തന്നോട് ഒരു കൂട്ടം ആളുകൾ പേര് ചോദിച്ചു. താൻ ഹിന്ദു ആണെന്ന് മനസിലായപ്പോൾ ഇവർ തന്നെ മർദ്ദിക്കുകയായിരുന്നെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിരുന്നു.















