ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കി. നേരത്തെ തീർപ്പാക്കിയ വിഷയങ്ങളിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നതെന്നാണ് ശിവകുമാറിന്റെ വാദം.
2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയും അടങ്ങുന്ന 1823 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നേരത്തെ കോൺഗ്രസിന് നോട്ടീസ് അയച്ചിരുന്നു.
നേരത്തെ ശിവകുമാറിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വീഡിയോയിലൂടെ ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സഹോദരനുമായ ഡി.കെ.സുരേഷിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചെന്നാണ് പരാതി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ശിവകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സുരേഷിന്റെ തെരഞ്ഞെടുപ്പ് ചെലവിൽ നിന്ന് വീഡിയോ നിർമ്മിച്ചതിന്റെ പണം ഈടാക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം .