തിരുവനന്തപുരം: വംശീയാധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി- പട്ടികവർഗ്ഗ അതിക്രമം തടയാനുള്ള വകുപ്പ് പ്രകാരമാണ് കേസ്.
ചാലക്കുടി ഡിവൈ.എസ്.പിയ്‌ക്കാണ് കഴിഞ്ഞയാഴ്ച രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കാൻ യോജിച്ചവരല്ല. മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷന്മാർക്ക് സൗന്ദര്യം വേണമെന്നും ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറമാണെന്നുമായിരുന്നു പരാമർശം. പേരെടുത്ത് പറയാതെയുള്ള ഈ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേരാണ് ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായെത്തിയത്. സമൂഹമാദ്ധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനങ്ങൾക്ക് വഴിവച്ചതോടെ ക്രൂരമായ സൈബർ അതിക്രമം നേരിടുന്നുവെന്ന് പറഞ്ഞ് കലാമണ്ഡലം സത്യഭാമ ജൂനിയർ രംഗത്തെത്തിയിരുന്നു.