ന്യൂഡൽഹി: റേവ് പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസ് നിലനിൽക്കുന്നതിനിടെ എൽവിഷ് യാദവിനെതിരെ വീണ്ടും കേസ്. മ്യൂസിക് വീഡിയോയിൽ പാമ്പുകളെ അനധികൃതമായി ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ’32 ബോർ’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനാണ് എൽവിഷ് പാമ്പുകളെ ഉപയോഗിച്ചത്. റേവ് പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസിൽ ജയിലിലായിരുന്ന എൽവിഷ് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
എൽവിഷിനെ കൂടാതെ ഗായകനായ രാഹുൽ യാദവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുരുഗ്രാമിലെ ബാദ്ഷാപൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത, വന്യജീവി സംരക്ഷണ നിയമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വീഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. എൽവിഷിനോടൊപ്പം അമ്പതോളം പേരും വീഡിയോയിലുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റേവ് പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസിൽ ബിഗ്ബോസ് താരമായ എൽവിഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പാർട്ടി നടന്ന സ്ഥലത്ത് നിന്നും ശേഖരിച്ച സാമ്പിളുകളിൽ ചിലതിൽ പാമ്പിൻ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. റേവ് പാർട്ടിക്കായി പാമ്പുകളെ ഉപയോഗിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. തുടർന്ന് സ്ഥലത്ത് നിന്നും അഞ്ച് മൂർഖൻ പാമ്പിനെയും ഒമ്പത് പാമ്പുകളെയും കണ്ടെത്തുകയായിരുന്നു.















