ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 250 ഓളം പൗരൻമാരെ തിരികെ എത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.
മികച്ച തൊഴിലും ശമ്പളവും വാഗ്ദാനം ചെയ്ത് കംബോഡിയയിൽ എത്തിയ ഇന്ത്യക്കാരെ നിയമവിരുദ്ധമായ സൈബർ ജോലികൾ ചെയ്യാൻ നിർബന്ധിച്ചിരുന്നതായി പരാതി പുറത്ത് വന്നിരുന്നു. തട്ടിപ്പിനിരയായവർ സഹായം ആവശ്യപ്പെട്ട് കംബോഡിയയിലെ ഇന്ത്യൻ എംബസിയെ സമീപിച്ചതൊടെ വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ ഇടപെടുകയായിരുന്നു.
മന്ത്രാലയവും ഇന്ത്യൻ എംബസിയും കംബോഡിയ കേന്ദ്രീകരിച്ച് നടക്കുന്ന തൊഴിൽ തട്ടിപ്പിനെ കുറിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായും ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തിരിച്ച് വരാൻ തയ്യാറായ എല്ലാ ഇന്ത്യൻ പൗരന്മാരേയും സഹായിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Our response to media queries regarding Indians stuck in Cambodia:https://t.co/xT8Mr78KcF pic.twitter.com/Jede90nfCO
— Randhir Jaiswal (@MEAIndia) March 30, 2024
ഏജന്റുമാരുടെ വഞ്ചനയിൽ അകപ്പെട്ടാണ് ആളുകൾ കംബോഡിയയിൽ കുടുങ്ങിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളുകളെയാണ് ഇത്തരത്തിൽ കൂടുതൽ കംബോഡിയയിൽ എത്തിച്ചിട്ടുള്ളത്. ഡാറ്റാ എൻട്രി ജോലികൾക്ക് എന്ന വ്യാജേനയാണ് ഏജന്റുമാർ ഇവരെ കയറ്റി അയക്കുന്നത്.















