ന്യൂഡൽഹി: കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടു നൽകിയതിലൂടെ രാജ്യത്തിന്റെ അഖണ്ഡതയെ കോൺഗ്രസ് ദുർബലപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വീപ് നിഷ്കരുണമാണ് കോൺഗ്രസ് ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റിയത്. ഇതിലൂടെ കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് വീണ്ടും തെളിഞ്ഞതായി പ്രധാനമന്ത്രി വിമർശിച്ചു.
കച്ചത്തീവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്ക് ലഭിച്ച വിവരാവകാശ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 1974-ൽ ഇന്ദിര സർക്കാർ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയ നടപടിക്രമങ്ങൾ ആവശ്യപ്പെട്ടാണ് അണ്ണാമലൈ വിവരാവകാശം നൽകിയത്.
വിവരാവകാശ റിപ്പോർട്ടിനെ ഞെട്ടിപ്പിക്കുന്നതെന്നും കണ്ണ് തുറപ്പിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ” കോൺഗ്രസ് കച്ചത്തീവിനെ നിഷ്കരുണം ശ്രീലങ്കയ്‌ക്ക് കൈമാറിയത് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുകയാണ് . ഓരോ ഇന്ത്യക്കാരനും ഇതിൽ രോഷാകുലരാണ്, കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് ആളുകൾക്ക് മനസ്സിലായി! ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താൽപ്പര്യങ്ങളും ദുർബലപ്പെടുത്തുക എന്നതായിരുന്നു കോൺഗ്രസിന്റെ പ്രവർത്തനരീതി”, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

കച്ചത്തീവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എടുത്ത തീരുമാനങ്ങളോട് പുച്ഛം തോന്നുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിലുടെ വ്യക്തമാക്കി. ദ്വീപ് വിട്ട് നൽകിയിൽ അവർക്ക് ഖേദമില്ല. ചിലപ്പോൾ കോൺഗ്രസ് എംപിമാർ രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, മറ്റു ചിലപ്പോൾ ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും അപകീർത്തിപ്പെടുത്തുന്നു. അവർ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരാണ്. രാജ്യത്തെ വിഭജിക്കാനോ തകർക്കാനോ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ, അമിത് ഷാ ചൂണ്ടിക്കാട്ടി.
1974-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് നൽകിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ തെക്കേ അറ്റത്താണ് ഈ ദ്വീപ്. 285 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ദ്വീപ് രാമേശ്വരത്തിനും ശ്രീലങ്കയ്‌ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. കരാർ പ്രകാരം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ വല ഉണക്കാൻ ഈ ദ്വീപ് ഉപയോഗിക്കാം എന്നാൽ ഈ ദ്വീപിൽ മത്സ്യബന്ധനം നടത്താൻ അനുമതിയില്ല. ഇതൊടെ ഇവിടെ എത്തുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അന്താരാഷ്‌ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ നാവികസേന പിടികൂടുന്നത് പതിവാണ്.















