ന്യൂഡൽഹി: കച്ചത്തീവ് നിഷ്‌കരുണം ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയതിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് സി. ആർ കേശവൻ. ഭാരതത്തിന്, പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് പ്രാധാന്യമുള്ള ദ്വീപാണ് നിർദയം ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയതെന്നും തമിഴ്‌നാട്ടിലെ ജനതയോട് ഡിഎംകെയും കോൺഗ്രസും കാണിച്ച അനീതിയാണിതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുനൽൽകിയ കോൺഗ്രസിന്റെ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. 1974ൽ കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുനൽകാനുള്ള തീരുമാനം സ്വീകരിച്ചത് പാർലമെന്റിന്റെ സമ്മതമില്ലാതെയായിരുന്നു. അന്ന് സംസ്ഥാനം ഭരിക്കുന്ന ഡിഎംകെയും രാജ്യം ഭരിക്കുന്ന കോൺഗ്രസും സഖ്യം ചേർന്ന് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനൽകി. കോൺഗ്രസിന്റെ നിർദയ തീരുമാനം തിഴ്‌നാട്ടിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനാണ് ഇന്ന് അപകടത്തിലാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ജനത ഇക്കാര്യത്തിൽ കോൺഗ്രസിന് ഒരിക്കലും മാപ്പ് നൽകില്ല.”- സി. ആർ കേശവൻ പറഞ്ഞു.
കച്ചത്തീവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്ക് ലഭിച്ച വിവരാവകാശ റിപ്പോർട്ടിലാണ് ഇന്ദിര സർക്കാർ കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുനൽകിയതിന്റെ വിവരങ്ങൾ ലഭിച്ചത്. ഭാരതത്തെ വിഭജിച്ചതുപോലെ തമിഴ്‌നാടിന്റെ ഭാഗവും കോൺഗ്രസ് വിഭജിച്ചു. ഇതോടുകൂടി തമിഴ്‌നാട്ടിൽ നിന്ന് ഈ ഭാഗത്തെത്തുന്ന മത്സ്യത്തൊഴിലാളികളെ അന്താരാഷ്‌ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നാവികസേന ജയിലാക്കുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും പാർട്ടിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു.