കൊല്ലം: മണ്ഡലത്തിൽ വികസനം കൊണ്ടു വരുമെന്ന് അവകാശപ്പെടുന്ന കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷിന്റെ വീടിന് മുന്നിലെ റോഡ് തകർന്നിട്ട് വർഷങ്ങൾ. അക്കരത്തെക്കേ മുക്ക് മുതൽ മാടൻവിള ജംഗ്ഷൻ വരെയുള്ള റോഡിനാണ് ദുരവസ്ഥ. 20 വർഷമായി പൊട്ടിപൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ കാൽനട യാത്രപോലും അസാദ്ധ്യമാണ്.
മുകേഷ് എംഎൽഎയുടെ വീട് മുന്നിലെ റോഡ് ഇരവിപുരം മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. പ്രശ്നം ഇരവിപുരം എംഎൽഎയായ എം നൗഷാദിന്റെ ശ്രദ്ധയിൽ പ്രദേശവാസികൾ പലതവണ കൊണ്ടുവന്നെങ്കിലും നടപടിയായില്ല. രണ്ട് സിപിഎം എംഎൽമാർ തമ്മിൽ നടക്കുന്ന അധികാര വടംവലിയും ഉൾപ്പോരുമാണ് റോഡ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന് സഖാക്കൾ തന്നെ സമ്മതിക്കുന്നു.
സ്വന്തം വീടിന് മുന്നിലെ റോഡിന്റെ പ്രശ്നം പോലും വേണ്ടവിധം പരിഹരിക്കാൻ സാധിക്കാത്ത മുകേഷിനെതിരെ പ്രദേശവാസികൾ രോഷത്തിലാണ്. ഇത്ര നിസ്സാര പ്രശ്നം പോലും പരിഹരിക്കാൻ കഴിയാത്ത ആളാണോ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ വികസനം കൊണ്ടുവരുന്നതെന്നാണ് പ്രദേശവാസികളുടെ ചോദ്യം.