മികച്ച നടനെന്ന നിലയിൽ ലഭിച്ച ആദ്യ പുരസ്‌കാരം ലേലം ചെയ്‌തെന്ന് വെളിപ്പെടുത്തി നടൻ വിജയ് ദേവരക്കൊണ്ട. പുരസ്‌കാരങ്ങളോടൊന്നും താത്പര്യമില്ലെന്നും ഇതുവരെ ലഭിച്ചതിൽ മിക്ക പുരസ്‌കാരങ്ങളും ലേലം ചെയ്‌തെന്നും താരം പറഞ്ഞു. വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഫാമിലി സ്റ്റാറിന്റെ പ്രമോഷൻ വേദിയിൽ വച്ചാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ പുരസ്‌കാരങ്ങളിലൊന്നും എനിക്ക് താത്പര്യമില്ല. എനിക്ക് ഇതുവരെ കിട്ടിയ പുരസ്‌കാരങ്ങളിൽ പലതും ഞാൻ മറ്റ് പലർക്കുമാണ് കൊടുത്തത്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചിരുന്നു അത് ഞാൻ ലേലത്തിന് വിറ്റു. കുറച്ച് പുരസ്‌കാരങ്ങൾ അമ്മ എവിടെയോ എടുത്ത് വച്ചിട്ടുണ്ട്. മറ്റ് ചില പുരസ്‌കാരങ്ങൾ എന്റെ ഓഫീസിൽ ഉണ്ട്. ചില പുരസ്‌കാരങ്ങൾ ഞാൻ ആർക്കോ കൊടുത്തു. എനിക്ക് കിട്ടിയ ഒരു പുരസ്‌കാരം ഞാൻ സന്ദീപ് റെഡ്ഡി വാങ്കയ്‌ക്ക് കൊടുത്തു.’
അർജുൻ റെഡ്ഡി എന്ന ചിത്രത്തിന് കിട്ടിയ പുരസ്‌കാരം ലേലം ചെയ്തപ്പോൾ എനിക്ക് നല്ല തുക ലഭിച്ചു. ആ തുക ഞാൻ പാവങ്ങൾക്ക് ദാനം നൽകി. വീട്ടിൽ ഒരു കല്ല് സൂക്ഷിച്ചു വയ്‌ക്കുന്നതിലും നല്ലതല്ലേ ഇങ്ങനെ ചെയ്യുന്നത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ഏപ്രിൽ അഞ്ചിനാണ് ഫാമിലി സ്റ്റാർ തിയേറ്ററുകളിൽ എത്തുന്നത്. പരശുറാം പെട്‌ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. ഇത് രണ്ടാം തവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കേരളത്തിലും മികച്ച പ്രതികരണം നേടിയ ഗീതാഗോവിന്ദമായിരുന്നു രണ്ടുപേരും ഒരുമിച്ച ആദ്യ ചിത്രം.















