ഭോപ്പാൽ: മദ്ധ്യപ്രദേശിലും കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് നേതാവും ചിന്ദ്വാര മുനിസിപ്പൽ കോർപ്പറേഷൻ മേയറുമായ വിക്രം അഹാകെ ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിഡി ശർമ്മയുടെയും സാന്നിധ്യത്തിലാണ് വിക്രം അഹാകെ ബിജെപി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി മോഹൻ യാദവിന്റെയും നേതൃത്വത്തിൽ സംസ്ഥാനത്ത് വികസനം കൊണ്ടുവരാനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം വിക്രം അഹാകെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചു. ബിജെപി പൂർണഹൃദയത്തോടെ എന്നെ സ്വാഗതം ചെയ്തതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് സംസ്ഥാനത്തിന് നാശം വിതച്ചുവെന്ന് മുഖ്യമന്ത്രി മോഹൻയാദവ് പ്രതികരിച്ചു. കമൽനാഥും അദ്ദേഹത്തിന്റെ മകൻ നകുൽ നാഥും വനവാസി സമൂഹത്തിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടർന്നാണ് വിക്രം അഹാകെ ബിജെപിയിൽ ചേർന്നത്. പിന്നാക്ക വിഭാഗക്കാർ ഇല്ലാത്ത കോൺഗ്രസിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ചിന്ദ്വാരയിലെ വികസനത്തിനായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോഹൻയാദവ് പറഞ്ഞു.
കമൽനാഥിന്റെ അടുത്ത അനുയായിയും കോൺഗ്രസ് നേതാവുമായ സയ്യിദ് ജാഫർ കഴിഞ്ഞ മാസമാണ് ബിജെപിയിൽ ചേർന്നത്. മദ്ധ്യപ്രദേശിൽ ഏപ്രിൽ 19, 26, മെയ് 7, 13 തീയതികളിലായി ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.















