കൊല്ലം: കടൽകയറി ദുരിതത്തിലായ കൊല്ലത്തെ തീരദേശ മേഖല സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ടറിഞ്ഞ സ്ഥാനാർത്ഥി ശാശ്വതമായ പരിഹാരം കാണുമെന്ന് ഉറപ്പുനൽകി.
‘തീരദേശ ജനതയനുഭവിക്കുന്ന പ്രശ്‌നം കേന്ദ്രമന്ത്രിയുമായി സംസാരിക്കും. കേന്ദ്രമന്ത്രിക്ക് മുന്നിൽ പ്രശ്‌നങ്ങൾ നേരിട്ട് അവതരിപ്പിക്കാൻ തെരഞ്ഞെടുപ്പ് കൺവെൻഷന്റെ ഭാഗമായി വീഡിയോകോൾ സംവിധാനം ഒരുക്കും. എല്ലാവരും ഒത്തൊരുമിച്ചാൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കൂ. തീരദേശ മേഖലയിലുള്ളവരെ എന്നും ചതിച്ചു കൊണ്ടിരിക്കുകയാണ്. ഇവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്നും’ അദ്ദേഹം പറഞ്ഞു.
ഇന്ന് ഞങ്ങൾ എവിടെ കിടക്കുമെന്ന ഇവരുടെ ചോദ്യത്തിനുള്ള ഉത്തരത്തെ പറ്റി 50 വർഷങ്ങൾക്ക് മുമ്പേ ചിന്തിക്കേണ്ടിയിരുന്നു. വരും തലമുറയ്‌ക്കെങ്കിലും സ്വസ്ഥമായി ജീവിക്കണമെന്ന് ഇവരുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. മാറി മാറി വന്ന ഭരണാധികാരികൾ ഇവരെ പറഞ്ഞ് പറ്റിച്ചതാണ്. രാജ്യത്തെ 9 സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്. ഇവിടങ്ങളിലെ പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. പ്രശ്‌നങ്ങളെ കുറിച്ചുള്ള നിവേദനം നിങ്ങൾ തന്നാൽ പരിഹാരം കാണാൻ ശ്രമിക്കും. ഇവിടെ പോകുന്ന കത്താണ് അവിടെ പാസാക്കേണ്ടത്.
നിവേദനത്തിന് മറുപടി ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ പ്രതിനിധിയെയും കൊണ്ട് ഞാൻ ഡൽഹിക്ക് പോകാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിൽ കണ്ട് സംസാരിക്കാനുള്ള അവസരമൊരുക്കാമെന്നും തീരദേശ ജനതയെ കൈവിടില്ലെന്ന ഉറപ്പും കൃഷ്ണകുമാർ നൽകി.















