നാടകത്തിലെ നിക്കാഹ് യഥാർത്ഥമായി കണക്കാക്കുമെന്ന് പാക് പുരോഹിതന്റെ പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ രോഷം. ചാനൽ ചർച്ചയിലാണ് ടിവി- നാടകങ്ങളിലെ അഭിനേതാക്കൾക്കിടയിൽ ചിത്രീകരിക്കുന്ന നിക്കാഹ് ചടങ്ങുകൾക്ക് സാധുതയുണ്ടോ എന്ന് പുരോഹിതനോട് ചോദിച്ചത്. 2023 ലെ റംസാനിലാണ് വീഡിയോ ചിത്രീകരിച്ചതെന്നും പറയപ്പെടുന്നു.
പുരോഹിന്റെ അഭിപ്രായത്തിന് എതിരെ മോഡലും നടിയുമായ നാദിയ ഹുസൈൻ രംഗത്ത് വന്നു. അഭിനേതാക്കളുടെ പേരുകൾ, ഹാജരായ സാക്ഷികൾ, ചടങ്ങ് നടത്തുന്ന മൗലവി, നിക്കാഹ്‌നാമയിലെ ഒപ്പുകൾ ഇതെല്ലാം സിനിമയിൽ താൽക്കാലികമായി സജ്ജീകരിക്കുന്നതാണ്. അതുപോലും അറിയാതെയാണോ പുരോഹിതന്റെ അഭിപ്രായ പ്രകടനമെന്ന് അവർ ചോദിച്ചു.
നാടകത്തിലോ ഷോയിലോ ആരെങ്കിലും മരിക്കുകയാണെങ്കിൽ, ആളുകൾ അവരെ മരിച്ചതായി കണക്കാക്കണം എന്നാണോ? നാടകത്തിൽ ആർക്കെങ്കിലും അപകടമുണ്ടായാൽ, അവനെ വികലാംഗനായി കണക്കാക്കുമോ? തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.
നാടകത്തിൽ ദമ്പതികളായി അഭിനയിച്ച ഫവാദ് ഖാനെയും മഹിറ ഖാനെയും പോലുള്ള അഭിനേതാക്കളെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഇനി ബോളിവുഡ് താരം സൽമാൻഖാനെ എങ്ങനെ അവിവാഹിതനായി കണക്കാക്കുമെന്നു വരെ പോകുന്നു കമന്റുകൾ.