അമരാവതി: ആന്ധ്രാപ്രദേശിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. അനന്തപൂരിലാണ് സംഭവം. മതിയായ രേഖകളില്ലാതെ കൈവശം സൂക്ഷിച്ചിരുന്ന 1.31 കോടി രൂപയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അനന്തപുരിൽ നിന്ന് അറസ്റ്റ് ചെയ്തു. തടിപത്രി സ്വദേശികളായ ഷെയ്ഖ് ഖാസി മസ്താൻ വാലി, ഷെയ്ഖ് ഖാസി നജിമുന്നിസ, ചിന്നക്കോട്‌ല റഷീദ് എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായ മൂവർ സംഘത്തിന് പണവുമായി ബന്ധപ്പെട്ട് മതിയായ രേഖകൾ ഹാജരാക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പണം ആദായ നികുതി വകുപ്പിന് കൈമാറിയതായി തടിപത്രി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗംഗയ്യ വ്യക്തമാക്കി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. തടിപത്രി ബസ് സ്റ്റാൻഡിൽ നിന്നുമാണ് മൂവരും പിടിയിലായത്. 1,31,35,750 രൂപയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. മൂവരും കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നും സ്വർണം വാങ്ങി തടിപത്രിയിൽ പ്രീമിയം വിലയ്‌ക്ക് വിൽപ്പന നടത്തുന്നവരാണെന്ന് ഡിവൈഎസ്പി അറിയിച്ചു.