കേരള ക്രിക്കറ്റിന്റെ പെരുന്തച്ചനെന്ന് അറിയപ്പെടുന്ന പി. രവിയച്ചന് വിട നൽകി സാംസ്‌കാരിക ലോകം. കലാകായിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന രവിയച്ചൻ വിട വാങ്ങുമ്പോൾ അസാമാന്യ പ്രതിഭയെയാണ് കേരളത്തിന് നഷ്ടമാകുന്നത്. 1952 മുതൽ 17 വർഷം ബാറ്റിംഗിലും ബൗളിംഗിലും വിസ്മയം തീർത്ത കേരളത്തിന്റെ എക്കാലത്തെയും മികച്ച പ്രതിഭകളിൽ ഒരാളായിരുന്നു രവിയച്ചൻ. ലെഗ് ബ്രേക്ക് ബൗളിംഗിലൂടെ തുടങ്ങി മീഡിയം പേസറായും ഓഫ് സ്പിന്നറായും വലംകയ്യൻ ബാറ്ററായും മികവു തെളിയിച്ച പ്രതിഭയായിരുന്നു അദ്ദേഹം.
1952ൽ തിരുവനന്തപുരത്ത് മൈസൂരുവിനെതിരെ തിരുവിതാംകൂർ-കൊച്ചിക്കു വേണ്ടിയായിരുന്നു രവിയച്ചന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം. രഞ്ജിയിൽ കേരളത്തിനായി 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ താരം കൂടിയാണ് ഈ അസാമാന്യ പ്രതിഭ. 55 ഇന്നിംഗ്‌സുകളിൽ നിന്ന് നേടിയ 1107 റൺസും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യത്തെ യഥാർത്ഥ ഓൾറൗണ്ടർ ക്രിക്കറ്റർ എന്ന പദവിയും സ്വന്തമാക്കി. ഏഴ് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 1960-61 സീസണിൽ ആന്ധ്ര പ്രദേശിനെതിരെ 34 റൺസിന് ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് രവിയച്ചന്റെ ഏറ്റവും മികച്ച ബൗളിംഗ്.
കേരളത്തിന് ആദ്യമായി രഞ്ജി ട്രോഫി സമ്മാനിച്ച ടീമിലെ നിർണായക സാന്നിധ്യമായിരുന്നു രവിയച്ചൻ എന്ന പ്രതിഭ. തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ 1963 ഡിസംബർ 13-16 ആന്ധ്രക്കെതിരെ നടന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ ലീഡ് വഴങ്ങിയതിന് ശേഷമായിരുന്നു കേരളത്തിന്റെ ജയം. ആദ്യ ഇന്നിംഗ്‌സിൽ 63 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. രണ്ടാം ഇന്നിംഗ്‌സിൽ 52 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തി കേരളത്തിന് ആദ്യ രഞ്ജി കിരീടം സമ്മാനിച്ചു. ക്രിക്കറ്റിനൊപ്പമുള്ള തന്റെ ജീവിതത്തെ ഒരു സുവർണ്ണ കാലഘട്ടമായിട്ടായിരുന്നു അദ്ദേഹം കണ്ടിരുന്നത്. കേരള ക്രിക്കറ്റ് അസോസിയേൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.















