മുംബൈ: തെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന ഇൻഡി മുന്നണിയുടെ ആരോപണത്തെ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ മോദി സർക്കാർ ആയുധമാക്കുകയാണെന്നത് പൊള്ളയായ വാദം മാത്രമാണ്. ഇത്തരത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ പ്രതിപക്ഷം ശ്രമിക്കണമെന്നും ഗഡ്കരി പറഞ്ഞു.
‘പ്രതിപക്ഷത്തെ ദുർബലമാക്കുകയോ ശക്തരാക്കുകയോ ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണോ? ഞങ്ങൾക്ക് രണ്ട് എംപിമാർ ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. അന്ന് ഞങ്ങൾ ദുർബലരായിരിന്നു. ആ സമയത്ത് സഹതാപത്തിൽ നിന്ന് ഞങ്ങൾക്ക് ഒരു ഗുണവും കിട്ടിയിട്ടില്ല. കഠിനാധ്വാനം ചെയ്ത് ജനങ്ങളുടെ വിശ്വാസം നേടിയെടുത്താണ് ബിജെപി ശക്തരായത്.’ ഗഡ്കരി പറഞ്ഞു.
‘ജനാധിപത്യത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്ന സമയമാണിത്. ജനാധിപത്യത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് എന്താണെന്ന് ഓർമ്മ വേണം. മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കാനായി പരിശ്രമിക്കുകയും പ്രതികൂല സാഹചര്യങ്ങളെ മറികടക്കുകയും വേണം. ഇതെല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ബാധകമാണെന്നും കൂട്ടിച്ചേർത്തു.
2019ലെ തെരഞ്ഞെടുപ്പിൽ രണ്ടു ലക്ഷത്തിൽ അധികം ഭൂരിപക്ഷവുമായാണ് ഗഡ്കരി നാഗ്പൂരിൽ നിന്ന് വിജയിച്ചത്. ഭൂരിപക്ഷം ഇത്തവണ അഞ്ച് ലക്ഷത്തിന് മുകളിലേക്ക് ഉയർത്തുക എന്ന ലക്ഷ്യവുമായാണ് അദ്ദേഹം പോരാട്ടത്തിനിറങ്ങുന്നത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നാഗ്പൂർ മുൻ മേയർ വികാസ് താക്രെയാണ് പ്രധാന എതിരാളി.















