ന്യൂഡൽഹി: വിസ്താര എയർലൈൻസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ആവശ്യത്തിന് പൈലറ്റുമാർ ഇല്ലാതെ വന്നതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്നും പുറപ്പെടുന്ന 38 വിമാനങ്ങളാണ് ഇന്ന് രാവിലെ റദ്ദാക്കിയത്. മുംബൈയിൽ നിന്ന് 15ഉം ഡൽഹിയിൽ നിന്ന് 12ഉം ബെംഗളൂരുവിൽ നിന്ന് 11 വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഇന്നലെ മാത്രം വിസ്താരയുടെ 50ലധികം വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. 160ഓളം വിമാനങ്ങൾ വൈകുകയും ചെയ്തു.
കഴിഞ്ഞ ഒരാഴ്‌ച്ചയോളമായി വിസ്താരയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വിമാനങ്ങൾ മണിക്കൂറുകളോളം വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിമാന യാത്രക്കാരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് എയർലൈൻ അധികൃതർ അറിയിക്കുന്നത്. വിമാനം റദ്ദാക്കുന്നതും വൈകുന്നതും തുടർക്കഥയായതോടെ വിസ്താരയിൽ നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാർക്ക് ഉണ്ടായ അസൗകര്യങ്ങളിൽ ക്ഷമ ചോദിക്കുന്നതായും ഇവർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി ലഘൂകരിക്കുന്നതിനായി തങ്ങളുടെ ജീവനക്കാർ പരമാവധി പ്രയത്‌നിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. വരും ദിവസങ്ങളിലും ഫ്‌ളൈറ്റുകൾ റദ്ദാക്കുന്നത് തുടരുമെന്നും, പരമാവധി വേഗത്തിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
വിസ്താരയിൽ യാത്രയ്‌ക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുകയോ, മറ്റ് ഫ്‌ളൈറ്റുകളിൽ യാത്രയ്‌ക്കുള്ള സൗകര്യം ഒരുക്കുകയോ ചെയ്യാമെന്നും ഇവർ പറയുന്നു. പൈലറ്റുമാർ ജോലിക്ക് എത്തുന്നില്ലെന്നതാണ് പ്രധാന കാരണമായി പറയുന്നത്. ദീർഘസമയം കാത്തിരിക്കുന്നതും മറ്റ് അസൗകര്യങ്ങളും ഒഴിവാക്കുന്നതിനായി വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് തന്നെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും യാത്രക്കാർക്ക് നിർദ്ദേശമുണ്ട്.















