മുംബൈ: കൊടുംചൂടിൽ മുംബൈ വെന്തുരുകുന്നു. വരുന്ന അഞ്ച് ദിവസത്തിനിടെ താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒന്ന് മുതൽ രണ്ട് വരെ ഡിഗ്രി താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. നഗരത്തിൽ അടുത്ത രണ്ടു ദിവസം പരമാവധി താപനില 35 ഡിഗ്രിയും കുറഞ്ഞ താപനില 24 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
താപനില ഉയർന്നാലും ഉഷ്ണതരംഗമായി മാറില്ലെന്ന് ഐഎംഡി മേധാവി സുനിൽ കാംബ്ലെ പറഞ്ഞു. താപനില വർധിച്ചതിനെ തുടർന്ന് മഹാരാഷ്‌ട്രയിലെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സോലാപൂർ, നന്ദേഡ്, ലാത്തൂർ, ഒസ്മാനാബാദ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അകോല, അമരാവതി, ചന്ദ്രപൂർ, യവത്മാൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്ണതരംഗം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിൽ അഞ്ചിന് പാൽഘർ, ധൂലെ, നന്ദുർബാർ, ജൽഗാവ്, ഔറംഗബാദ് എന്നിവിടങ്ങളിൽ നേരിയ മഴയ്‌ക്കും സാധ്യതയുണ്ട്.















