മുംബൈ : ധാരാവി പുനർവികസന പദ്ധതിയ്‌ക്കായി 25.57 ഏക്കർ ഭൂമി വിട്ടു നൽകി റെയിൽവേ ലാൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി . മറ്റ് രേഖകൾ പൂർത്തിയാക്കിയ ശേഷം ഏകദേശം 10 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഭവന സമുച്ചയം ഇവിടെ നിർമ്മിക്കും. നാല് ബഹുനില കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് സമുച്ചയം.
ഈ മൂന്ന് കെട്ടിടങ്ങളിലായി 821 മുറികൾ ഉണ്ടാകും. ഇതിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കും. ഇതോടൊപ്പം വിനോദത്തിനുള്ള പ്രത്യേക സംവിധാനം, ഭരണനിർവഹണ കെട്ടിടം എന്നിവയും നിർമിക്കും. ഏറ്റവും വലിയ പുനർവികസന പദ്ധതിക്കായി സംസ്ഥാന സർക്കാർ ധാരാവി പുനർവികസന പദ്ധതി (ഡിആർപി) എന്ന പേരിൽ ഒരു വകുപ്പുതല സംവിധാനം രൂപീകരിച്ചു.
അതേസമയം അദാനി ഗ്രൂപ്പിന്റെയും മഹാരാഷ്‌ട്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ‘ധാരാവി പുനർവികസന പ്രോജക്ടിന്’ വേണ്ടിയുള്ള ധാരാവിയുടെ ഡിജിറ്റൽ സർവേ ഇന്ന് മുതൽ ആരംഭിച്ചു. ധാരാവി പുനർവികസന പദ്ധതിയുടെയും ചേരി പുനരധിവാസ അതോറിറ്റിയുടെയും (എസ്ആർഎ) സംഘങ്ങളാണ് സർവേയ്‌ക്കായി എത്തിയിരിക്കുന്നത്. കമല രാമൻ നഗർ ഏരിയയിൽ നിന്നാണ് സർവേ ആരംഭിച്ചത്.
അർഹരായവർക്ക് ശുചിമുറി സൗകര്യങ്ങളടക്കം 500 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള വീടുകളാണ് നൽകുക . 2000 ജനുവരി ഒന്നിന് മുമ്പ് ധാരാവിയിൽ താമസമക്കിയവരെയാണ് അർഹതയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തുക . സർവേ പൂർത്തിയാകാൻ ഏകദേശം 8 മാസമെടുക്കും. പദ്ധതി പ്രകാരം ഏഴ് ലക്ഷം പേരെയാണ് മാറ്റി പാർപ്പിക്കുക.
അതേസമയം വർഷങ്ങളായുള്ള തങ്ങളുടെ സ്വപ്നമാണ് സഫലമാകുന്നതെന്ന് ധാരാവി നിവാസികൾ പറഞ്ഞു. “ഞങ്ങൾ കമല രാമൻ നഗറിൽ ആദ്യത്തെ സർവേയുടെ രേഖകൾ നൽകി,ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവയും സർവേ സംഘത്തിന് നൽകിയിട്ടുണ്ട്. .സർവേ ടീമുമായി ജനങ്ങൾ നല്ല രീതിയിൽ സഹകരിച്ചു.സർവേ കഴിഞ്ഞപ്പോൾ ഉറപ്പായും വീട് കിട്ടും എന്ന് തോന്നുന്നു. വർഷങ്ങളായുള്ള നമ്മുടെ സ്വപ്നം ഇത്തവണ സഫലമാകും . ഞങ്ങളുടെ സ്വപ്നം പൂർത്തീകരിക്കുമെന്ന് തോന്നുന്നു. നല്ലൊരു വീടും കിട്ടും. എല്ലാ രേഖകളും ഞങ്ങൾ സർവേ സംഘത്തിന് നൽകിയിട്ടുണ്ട്. “ ജനങ്ങൾ പറയുന്നു.















