കറാച്ചി : പാകിസ്താനിലെ സിന്ധിൽ വീണ്ടും ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിഷേധം പുകയുന്നു. സിന്ധ് പ്രവിശ്യയിലെ സുക്കൂർ പ്രദേശത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പ്രിയ കുമാരി എന്ന ഹിന്ദു പെൺകുട്ടിയെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അജ്ഞാത വ്യക്തികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇതിനെ തുടർന്ന് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഹിന്ദുക്കൾ ദേരാ മുറാദ് ജമാലി പ്രദേശത്ത് തടിച്ചുകൂടി .മുതിർന്ന ഹിന്ദു സമുദായ പ്രവർത്തകരായ മുഖി മനക് ലാൽ, സേത് താരാ ചന്ദ് എന്നിവർ നേതൃത്വം നൽകിയ റാലിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. പെൺകുട്ടികളെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച പ്രതിഷേധക്കാർ സിന്ധ് ഗവൺമെൻ്റിന്റെ കഴിവില്ലായ്മയെ വിമർശിച്ചു. പ്ലക്കാർഡുകൾ ഉയർത്തി കാണിച്ച് പ്രകടനം നയിച്ചവർ സിന്ധിലെ മതന്യൂനപക്ഷങ്ങളുടെ മോശമായ സുരക്ഷാ സാഹചര്യങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്തതായി പാകിസ്താനി പത്രം ഡോൺ റിപ്പോർട്ട് ചെയ്തു.
പെൺകുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനും ന്യൂനപക്ഷ സമുദായത്തിന് നീതി ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടും സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായോടും ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഹിന്ദു ക്രിസ്ത്യൻ സിഖ് ന്യൂനപക്ഷ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നത് വർഷങ്ങളായി പാക്കിസ്താന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. സിന്ധ് പ്രവിശ്യയിൽ ഹിന്ദു പെൺകുട്ടികളെ കടത്തുന്നത് ഈയിടെയായി വർധിച്ചുവരികയാണ്.2 ദിവസം മുമ്പ് സിന്ധ് പ്രവിശ്യയിൽ, ഹോളി ആഘോഷത്തോടനുബന്ധിച്ച്, 2 പെൺകുട്ടികളെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു.
ഹ്യൂമൻ റൈറ്റ്‌സ് ഫോക്കസ് പാകിസ്ഥാൻ (HRFP) പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ മതപരമായ പീഡനങ്ങളെ ശക്തമായി അപലപിക്കുകയും എല്ലാ സമുദായങ്ങൾക്കും തുല്യ പദവി നൽകുന്ന നിയമനിർമ്മാണം കൊണ്ടുവരാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, അഹമ്മദിയകൾ, സിഖുകാർ, മറ്റ് ന്യുനപക്ഷ സമുദായങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി ആളുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യത്യസ്ത ആക്രമണങ്ങൾക്ക് ഇരയായതായി HRFP ചൂണ്ടിക്കാണിച്ചു.
2024 ൽ ഇതുവരെയുള്ള വർഷത്തിന്റെ ചെറിയ കാലയളവിനുള്ളിൽ പോലും ഭയപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എച്ച്ആർഎഫ്പി പ്രസിഡൻ്റ് നവീദ് വാൾട്ടർ പറഞ്ഞു.















