ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡിലെ ഉധംസിംഗ് നഗറിലാണ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനും യോഗങ്ങളിൽ പങ്കെടുക്കുന്നതിനുമാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മഹേന്ദ്ര ഭട്ടും ചേർന്ന് പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വാഗതം ചെയ്തു.
“പ്രധാനമന്ത്രിയെ ഞങ്ങൾ പുണ്യഭൂമിയിലേക്ക് സ്വാഗതം ചെയ്തുവെന്ന് പുഷ്കർ സിംഗ് ധാമി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പ്രധാനമന്ത്രി ഇവിടുത്തെ ജനങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനത്തെ ജനങ്ങളും അദ്ദേഹത്തോടൊപ്പമുണ്ട്. വികസനത്തിന്റെ പുതിയ അദ്ധ്യായങ്ങൾ രചിക്കാൻ സംസ്ഥാനത്തെ ജനങ്ങൾ തയ്യാറാണ്’.
ഒരു ലക്ഷത്തിലധികം പേർ റാലിയിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മഹേന്ദ്ര ഭട്ട് പറഞ്ഞു. ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിക്കുകയും വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 19-ന് നടക്കും.















