മലപ്പുറം: മരിച്ച വ്യക്തിയ്‌ക്ക് അവകാശപ്പെട്ട സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും മലപ്പുറം ആലങ്കോട് പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് കേസെടുത്തത്. ചങ്ങരംകുളം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ആലങ്കോട് സ്വദേശി അബ്ദുള്ളയുടെ പെന്‍ഷനാണ് യൂത്ത് കോൺഗ്രസ് നേതാവ് തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് അബ്ദുള്ളയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹക്കീമിനെതിരെ കേസെടുത്തത്. മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ തട്ടിയെടുത്തെന്നായിരുന്നു കുടുംബം പൊലീസിൽ നൽകിയ പരാതി.
2019 ഡിസംബർ 17-നാണ് അബ്ദുള്ള മരിച്ചത്. എന്നാൽ ഒക്ടോബർ മുതൽ പെൻഷൻ വീട്ടിൽ ലഭിച്ചിട്ടില്ലെന്ന് മരിച്ച അബ്ദുള്ളയുടെ കുടുംബം പറഞ്ഞു. അബ്ദുള്ളയുടെ മരണ ശേഷം കുടുംബത്തിന് ലഭിക്കേണ്ട പെൻഷനാണ് ഹക്കീം കൈക്കലാക്കിയിരുന്നത്. 2020 സെപ്റ്റംബർ മാസം വരെ ഇയാൾ പെന്‍ഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്.















