ഇസ്ലാമാബാദ്: ഇന്ത്യയുമായി ചങ്ങാത്തം കൂടാൻ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ. തെരഞ്ഞെടുപ്പ് ഘട്ടം അവസാനിച്ചതിന് ശേഷം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാകിസ്താന്റെ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഭാരതം നിലപാട് കടുപ്പിക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം.
പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യയിൽ നടത്തിയിട്ടുള്ള ആക്രമണങ്ങൾ മൂലം പാകിസ്താനുമായി ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. ഭാരതം കൊടുംഭീകരരായി പ്രഖ്യാപിച്ച പലർക്കും പാകിസ്താൻ അഭയം നൽകുന്നുവെന്നതും ഭീകരരുടെ നുഴഞ്ഞുകയറ്റവും കശ്മീർ അധിനിവേശവും പാകിസ്താനെ അകറ്റി നിർത്താൻ കാരണമായി. എന്നാൽ ഭാരതവുമായുള്ള ബന്ധലുണ്ടായ വിള്ളൽ പാകിസ്താനെ പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം കടക്കെണിയിൽ ഉഴലുന്ന രാജ്യം മറ്റ് രാഷ്‌ട്രങ്ങളുടെ സഹായത്തിനായി കേഴുകയാണ്. ഇന്ത്യയുടെ പിന്തുണയില്ലാതെ ദുരിതത്തിൽ നിന്ന് കരകയറാൻ കഴിയില്ലെന്ന തോന്നലാണ് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തണമെന്ന ആവശ്യത്തിലേക്ക് പാകിസ്താനെ നയിച്ചതെന്നാണ് നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ചൈന ഒഴികെ മറ്റെല്ലാ അയൽരാജ്യങ്ങളും പാകിസ്താനെ കൈവെടിഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ഇറാനും അഫ്ഗാനുമായും നിലനിൽക്കുന്ന അതിർത്തി സംഘർഷങ്ങൾ ലഘൂകരിക്കുമെന്നും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം അതിന് വഴിവയ്‌ക്കുമെന്നുമാണ് ആസിഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി നേരിട്ട് ചർച്ച നടത്തി ഭീകരവാദം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ താത്പര്യമുണ്ടെന്ന് നേരത്തെയും പാകിസ്താൻ അറിയിച്ചിരുന്നു. 2019 ഓഗസ്റ്റ് മുതൽ നിർത്തിവച്ച വ്യാപാര ബന്ധം പുനഃസ്ഥാപിക്കണമെന്നാണ് പാക് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടത്. പാക് വ്യവസായികൾ ഭാരതവുമായുള്ള വ്യാപാരം ആഗ്രഹിക്കുന്നുവെന്നാണ് ബ്രസൽസിൽ നടന്ന ആണവോർജ്ജ ഉച്ചകോടിക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞത്.















