മനഃസാക്ഷി മരവിക്കുന്നൊരു വാർത്തയാണ് ഇപ്പോൾ ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്. കാൻസർ രോഗിയായ 46-കാരൻ ചികിത്സ കിട്ടാതെ മരിച്ചു. പുനീത് ശർമ്മയാണ് ദാരുണമായി മരിച്ചത്. 3 ആശുപത്രികളിൽ കയറിയിറങ്ങിയ ശേഷമാണ് ചികിത്സ കിട്ടാതെ പുനീത് ദാരുണമായി മരിച്ചത്. ഭാര്യ സപ്നയ്‌ക്കും നാലുമക്കൾക്കുമൊപ്പമാണ് ഇയാൾ ഉത്തരാഖണ്ഡിലെ കാശിപൂരിൽ നിന്ന് ഡൽഹിയിലെത്തിയത്.
നാവിൽ കാൻസർ ബാധിച്ച യുവാവ് ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രികൾ പുനീതിനെ അഡ്മിറ്റ് ചെയ്യാനോ ചികിത്സ നൽകാനോ തയാറായില്ലെന്നാണ് കുടുംബം ആരോപിച്ചു. യുവാവിന്റെ ആന്തരിക അവയവങ്ങളിലും അർബുദം ബാധിച്ചിരുന്നു.
മാർച്ച് 16ന് പുനീതിനെ ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഡിഎസ്‌സിഐ) പ്രവേശിപ്പിച്ചു. എന്നാൽ ഐസിയു
സൗകര്യങ്ങൾ ലഭ്യമല്ലെന്ന് പറഞ്ഞ് 28ന് പുനീതിനെ എയിംസിലേക്കോ ജിബി പന്ത് ആശുപത്രിയിലേക്കോ പ്രവേശിപ്പിക്കണമെന്ന് ഡിഎസ്‌സിഐ വ്യക്തമാക്കി. 29 ന് കുടുംബം എയിംസിലെത്തിയെങ്കിലും വൈദ്യപരിശോധനയില്ലാതെ പ്രവേശനം നിഷേധിച്ചെന്ന് കുടുംബം ആരോപിച്ചു.
എയിംസ് ഡോക്ടർമാരോട് അപേക്ഷിച്ചിട്ടും ആശുപത്രിയിൽ ആവശ്യത്തിന് കിടക്കകളും വെൻ്റിലേറ്ററുകളും ഇല്ലെന്ന് കുടുംബത്തോട് പറഞ്ഞതായി സപ്ന പറഞ്ഞു. പകരം സഫ്ദർജംഗ് ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചു. എന്നാൽ അവിടെയും ജിബി പന്ത് ആശുപത്രിയിലും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സയോ പ്രവേശനമോ നൽകിയില്ല. പിന്നാലെ സപ്ന പൊലീസിന്റെ സഹായം തേടി. എന്നാൽ പൊലീസ് ഇടപെട്ടിട്ടും ആശുപത്രികൾ കൈമലർത്തി
ഒൻപതു മണിക്കൂറോളം സപ്‌ന ആശുപത്രികളിലെ ഓരോ വകുപ്പുകളും കയറിയിറങ്ങി സഹായമഭ്യർത്ഥിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഡിഎസ്‌സിഐലേക്ക് തന്നെ മടങ്ങേണ്ടിവന്നു. 30ന് പുലർച്ചെ പുനീത് മരണത്തിന് കീഴടങ്ങി. സർക്കാരിന്റെ അനാസ്ഥയാണ് ഭർത്താവിന്റെ മരണത്തിന് കാരണമെന്ന് സപ്ന പറഞ്ഞു