മലയാളക്കരയ്‌ക്കിത് പൂമ്പാറ്റക്കാലമാണ്. ചിത്രശലഭങ്ങൾ കൂട്ടത്തോടെ കേരളത്തിലേക്ക് ചേക്കേറുകയാണെന്ന് റിപ്പോർട്ട്. നീലക്കടുവ, കടുംനീലക്കടുവ, അരളി ശലഭം, പുലിത്തെയ്യൻ ശലഭം തുടങ്ങിയ ചിത്രശലഭങ്ങൾ കേരളത്തിലേക്ക് ദേശാടനത്തിനെത്തിയതായി സർവേയിൽ കണ്ടെത്തി. തിരുവനന്തപുരം വന്യജീവി ഡിവിഷന്റെ സർവേയിലാണ് ഈ കണ്ടെത്തൽ.
നെയ്യാർ വന്യജീവിസങ്കേതം, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, പേപ്പാറ വന്യജീവിസങ്കേതം എന്നിവിടങ്ങളിലായി നാല് ദിവസമായിരുന്നു സർവേ. നെയ്യാർ വന്യജീവി സങ്കേതത്തിൽനിന്ന് 157 ചിത്രശലഭങ്ങളെയും 135 പക്ഷികളെയും 37 ഷഡ്പദങ്ങളെയും പേപ്പാറ വന്യജീവി സങ്കേതത്തിൽനിന്ന് 168 ചിത്രശലഭങ്ങളെയും 90 പക്ഷികളെയും 46 ഷഡ്പദങ്ങളെയും കണ്ടെത്തി.
ജൈവ വൈവിധ്യത്തിന്റെ അത്ഭുതമാണ് സർവേയിലൂടെ കണ്ടെത്തിയത്. മൺസൂൺ വരവിനെ ആശ്രയിച്ചാണ് ചിത്രശലഭങ്ങൾ ദേശാടനം നടത്തുന്നത്.