തായ്പേ: 25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് തായ്‌വാനിലേതെന്ന് റിപ്പോർട്ട്. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാല് പേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കിഴക്കന്‍ തീരമേഖലയിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് തായ്‌വാന്റെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം തീരപ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ജപ്പാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒക്കിനാവ പ്രദേശത്തെ ജനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
പത്ത് അടിയോളം ഉയരത്തില്‍ സുനാമി ആഞ്ഞടിക്കാമെന്നാണ് മുന്നറിയിപ്പ്. ജപ്പാന്റെ ദക്ഷിണപശ്ചിമ തീരത്തേക്ക് ഇവ എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. യൊനാഗുനി ദ്വീപില്‍ ഒരടിയോളം ഉയരത്തില്‍ സുനാമി രേഖപ്പെടുത്തിയതായും കാലാവസ്ഥ വകുപ്പ് പറഞ്ഞു.
ദക്ഷിണ ജപ്പാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. കിഴക്കന്‍ നഗരമായി ഹുവാലിനില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി തായ്‌വാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള സ്ഥലങ്ങളാണ്. ചില ആളുകള്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.