ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾ കർണാടകയിലുടനീളം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി സൂചന. മാർച്ച് 28 ന് അറസ്റ്റിലായ മുസമ്മിൽ ഷെരീഫിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് നിർണ്ണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചത്.
കർണാടകയിലുടനീളം ബോംബ് സ്‌ഫോടനത്തിന് പദ്ധതി തയ്യാറാക്കാൻ ശിവമോഗ തീർഥഹള്ളി സ്വദേശിയായ അബ്ദുൾ മതീൻ താഹ തന്നോട് ആവശ്യപ്പെട്ടതായി ഷെരീഫ് സമ്മതിച്ചു. സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരനായ അബ്ദുൾ മതീൻ താഹയുടെ നിർദ്ദേശപ്രകാരം മുസാവിർ ഹുസൈൻ ഷസേബ് എന്നയാളാണ് കഫേയിൽ ബോംബ് സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിരുന്നു. 2019ൽ ശിവമോഗയിൽ നടന്ന തുംഗ ട്രയൽ സ്‌ഫോടനത്തിലും 2022 നവംബർ 21ന് മംഗളൂരുവിൽ നടന്ന കുക്കർ സ്‌ഫോടനത്തിലും ഇരുവരും പങ്കാളികളാണ്.
2019-ൽ നോർത്ത് ബെംഗളൂരുവിലെ ഹെഗ്‌ഡെ നഗറിലേക്ക് താമസം മാറിയതിന് ശേഷമാണ് ഷെരീഫ് താഹയുമായും ഷാസേബുമായും ബന്ധപ്പെടുന്നത്. താഹയും ഷാസേബും ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതികളെക്കുറിച്ച് ഇയാൾക്ക് അറിയാമായിരുന്നുവെന്നും ഐസിസ് ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ആക്രമണം നടത്താൻ അനുയോജ്യമായ തിരക്കേറിയ സ്ഥലങ്ങളും ഹോട്ടലുകളും കണ്ടെത്താൻ താഹയെയും ഷാസേബിനെയും സഹായിച്ചത് ഷെരീഫായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമേശ്വരം കഫേയിൽ ബോംബ് സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.