വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം വർഷങ്ങൾക്ക് ശേഷത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പ്യാര മേരാ വീര’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. നിവിൻ പോളിയുടെ കഥാപാത്രത്തെ വിവരിക്കുന്നതാണ് ഗാനം. ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രമായാണ് നിവിൻ പോളിയെത്തുന്നത്. ഇംഗ്ലീഷും മലയാളവും ചേർന്നതാണ് ഗാനത്തിന്റെ വരികൾ. 45 ലക്ഷം പേരാണ് ഇതിനോടകം തന്നെ ഗാനം ആസ്വദിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ മാജിക് എന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അമൃത് രാംനാഥാണ് ഗാനത്തിന് ഈണം നല്‍കിയത്. വിനീത് ശ്രീനിവാസന്റേതാണ് വരികള്‍. സിദ്ധാർത്ഥ് ബസ്രൂറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടാറുണ്ട്. യുവ താരനിര അണിനിരക്കുന്ന ചിത്രം എന്നതാണ് വർഷങ്ങൾക്ക് ശേഷത്തിന്റെ മറ്റൊരു പ്രത്യേകത. വിനീത് തന്നെയണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചത്.
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നിവിൻ പോളി, അജു വർഗീസ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ് എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം. ഏപ്രിൽ 11-നാണ് ചിത്രം തിയേറ്ററിലെത്തുക.















