ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ദേശീയ പാതയുടെ നിർമ്മാണം പ്രതിദിനം 34 കിലോമീറ്ററിലെത്തിയതായി റിപ്പോർട്ട്. 2023-24-ൽ 12,300 കിലോമീറ്റർ പാതയാണ് നിർമ്മിച്ചത്, അതായത് പ്രതിദിനം 34 കിലോമീറ്റർ. രാജ്യത്തിന്റ ചരിത്രത്തിലെ ഏറ്റവും ഉയർന്ന് രണ്ടാമത്തെ ദേശീയപാത നിർമ്മാണ നിരക്കാണിത്. 2020-21 സാമ്പത്തിക വർഷത്തിലായിരുന്നു ദേശീയപാത നിർമ്മാണത്തിൽ റെക്കോർഡിട്ടത്. 13,327 കിലോമീറ്ററാണ് ഒറ്റ വർഷം കൊണ്ട് യാഥാർത്ഥ്യമാക്കിയത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ദേശീയപാത നിർമ്മാണത്തിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2022-23 നെ അപേക്ഷിച്ച് മൂലധന ചെലവിനത്തിൽ രണ്ട് കോടി രൂപ അധികമായി വിനിയോഗിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയപാതകളുടെ നീളവും വീതിയും വർദ്ധിപ്പിച്ചതിന് പിന്നാലെ ഹൈവേകളുടെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കുമായി കോറിഡോർ മാനേജ്മെന്റ് യൂണിറ്റ് (CMU) സ്ഥാപിക്കാൻ ഗതാഗത മന്ത്രാലയം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 2037-ഓടെ 89,900 കിലോമീറ്ററും 2047-ഓടെ 1.27 ലക്ഷം കിലോമീറ്ററും യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം.