ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നറിയപ്പെടുന്ന പ്രഭുദേവയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സംവിധായകൻ റോജിൻ തോമസ്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന സിനിമയിൽ പ്രഭുദേവ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററിനോടൊപ്പമാണ് പിറന്നാൾ ആശംസകൾ അറിയിച്ചത്.

ഇന്ത്യയുടെ അഭിമാനമായ പ്രഭുദേവയ്‌ക്ക് ജന്മദിനാശംസകൾ നേരുന്നുവെന്നും കത്തനാർ ടീമിന്റെ ഭാഗമായതിൽ നന്ദിയുണ്ടെന്നും റോജിൻ തോമസ് ഇൻസ്റ്റാഗ്രമിൽ കുറിച്ചു. ഇതിന് പിന്നാലെ നിരവധി പേരാണ് പ്രഭുദേവയ്‌ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. അടുത്തിടെയാണ് പ്രഭുദേവ കത്തനാരിൽ ജോയിൻ ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ ജയസൂര്യ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി റോജിൻ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് കത്തനാർ. പൃഥ്വിരാജ് നായകനായെത്തിയ ഉറുമിയ്‌ക്ക് ശേഷം 13 വർഷങ്ങൾക്ക് ശേഷമാണ് പ്രഭുദേവ കത്തനാരിലൂടെ വീണ്ടും മലയാള സിനിമാ ലോകത്തേക്കെത്തുന്നത്.















