ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിപതറി കോൺഗ്രസ്. ബോക്‌സിംഗ് താരവും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന വിജേന്ദർ സിംഗ് ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് വിജേന്ദർ സിംഗ് അംഗത്വം എടുത്തത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, രാംവീർ സിംഗ് ബിധുരി, രാജീവ് ബബ്ബർ എന്നിവരുടെ സാന്നിധ്യത്തിലാണ് വിജേന്ദർ സിംഗിന്റെ ബിജെപി പ്രവേശനം.
രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാകാനും ജനക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാനുമാണ് ബിജെപിയിൽ ചേർന്നതെന്ന് വിജേന്ദർ സിംഗ് പറഞ്ഞു. ഹരിയാനയിൽ നിർണായക സ്വാധീനമുളള ജാട്ട് സമുദായാംഗമാണ് വിജേന്ദർ. അതുകൊണ്ട് തന്നെ വിജേന്ദർ സിംഗിന്റെ മുന്നണി മാറ്റം ജാട്ട് സമുദാക്കാർ ബിജെപിയോട് കൂടുതൽ അടുക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ബോക്സിംഗിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡൽ ജേതാവാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അന്ന് 13.56% വോട്ടാണ് നേടിയത്.















