സിലിഗുരി: പശ്ചിമബംഗാളിൽ പാലത്തിനടിയിൽ കണ്ടെത്തിയ മൂന്ന് ക്രൂഡ് ബോംബുകൾ നിർവീര്യമാക്കി പൊലീസ്. സിലിഗുരി ജില്ലയിലാണ് സംഭവം. ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് മൂന്ന് ബോംബുകളും നിർവീര്യമാക്കിയതെന്ന് പൊലീസ് അറിയിച്ചു.
ഖോലാചന്ദ് ഫാപ്രി മേഖലയിലുള്ള നദിയുടെ പാലത്തിനടിയിലാണ് ബോംബുകൾ കണ്ടെത്തിയത്. ഉച്ചയ്‌ക്ക് 2.30 ഓടെയാണ് ഭക്തിനഗർ പൊലീസ് സേറ്റഷനിൽ നിന്നും ഇത് സംബന്ധിച്ച വിവരം ലഭിച്ചതെന്ന് അഗ്‌നിശമന സേന അറിയിച്ചു. ഉടൻ തന്നെ ബോംബ് ഡിസ്പോസൽ സ്‌ക്വാഡിനെ സ്ഥലത്തേക്ക് അയയ്‌ക്കുകയായിരുന്നു.
നിയന്ത്രിത സ്ഫോടനത്തോടെയാണ് ബോംബുകൾ നിർവ്വീര്യമാക്കിയത്. ആർക്കും പരിക്കോ മറ്റ് അപകടങ്ങളോ ഇല്ലാതെ കൈകാര്യം ചെയ്യാൻ കഴിഞ്ഞുവെന്ന് ദബ്ഗ്രാം അഗ്‌നിശമന സേനാ യൂണിറ്റിലെ സബ് ഓഫീസർ രാഹുൽ മണ്ഡൽ പറഞ്ഞു.
ആരാണ് ബോംബുകൾ കൊണ്ടു വെച്ചതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം പൊലീസ് അന്വേഷിക്കും. ഇവരുടെ ഉദ്ദേശ്യവും വ്യക്തമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.















