ചെന്നൈ: കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിലാണ് ഡിഎംകെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കൊയമ്പത്തൂർ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ. കച്ചത്തീവിന്റെ പ്രശ്‌നത്തിൽ ദ്രാവിഡ മുന്നേറ്റ കഴകം ഇപ്പോൾ വലിയ സമ്മർദ്ദത്തിലാണെന്നും ഇത് മറയ്‌ക്കാനായി അവർ കുപ്രചരണങ്ങൾ നടത്തുകയാണെന്നും അണ്ണാമലൈ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” കച്ചത്തീവിന്റെ പ്രശ്‌നം നമ്മുടെ രാജ്യത്തിന്റെ പ്രശ്‌നമാണ്. എന്നാൽ അതിനെ രാഷ്‌ട്രീയപരമാക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്. കച്ചത്തീവിനെ കോൺഗ്രസും ഡിഎംകെയും ചേർന്ന് ശ്രീലങ്കയ്‌ക്ക് വിട്ടുനൽകിയെന്ന സത്യം പുറത്തറിഞ്ഞ ശേഷം ഡിഎംകെ ഇപ്പോൾ സമ്മർദ്ദത്തിലായിരിക്കുന്നു. അവർക്ക് സത്യങ്ങൾ മൂടിവയ്‌ക്കണം. അതിനായി കുപ്രചരണങ്ങളെ കൂട്ടുപിടിക്കുന്നു.”- അണ്ണാമലൈ പറഞ്ഞു.
രാജ്യത്തിനായി എന്തെല്ലാം വികസന പദ്ധതികളാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ജനങ്ങൾ കണ്ടതാണ്. അദ്ദേഹം തമിഴ് മക്കൾക്കായി ഒരുപാട് പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി തമിഴ്‌നാട്ടിലേക്ക് വരികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ്മക്കളെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ വികസന പദ്ധതികൾ ലോകം മുഴുവനും ഉറ്റുനോക്കുന്നു. എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തമിഴ്മക്കൾക്കായി എന്താണ് നടപ്പിലാക്കിയതെന്നും അദ്ദേഹം തുറന്നടിച്ചു.