ശ്രീനഗർ: ഇൻഡി സഖ്യത്തിന് ജമ്മുകശ്മീരിൽ കനത്ത തിരിച്ചടി നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. കശ്മീരിൽ പിഡിപി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പാർട്ടി നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള സീറ്റ് വിഭജനത്തിൽ മറുപടിയൊന്നും നൽകാത്തതിനാലാണ് ഒറ്റയ്‌ക്ക് പിഡിപി ഒറ്റയ്‌ക്ക് മത്സരിക്കുന്നതെന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കി. ജമ്മുകശ്മീരിലെ മൂന്ന് സീറ്റുകളിലേക്ക് നാഷണൽ കോൺഫറൻസ് ( എൻസി) സ്ഥാനാർത്ഥികളെ നിശ്ചയിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മെഹ്ബൂബ തീരുമാനം അറിയിച്ചത്.
” ഇൻഡി സഖ്യത്തിനൊപ്പം നിലനിൽക്കാൻ ഇനി പിഡിപിക്ക് സാധിക്കില്ല. പിഡിപി നിലവിൽ എവിടെയുമില്ല എന്ന ഒമർ അബ്ദുള്ളയുടെ വാക്കുകൾ ഞങ്ങളുടെ പ്രവർത്തകരെ വേദനിപ്പിച്ചു. അതിനാൽ ഞങ്ങൾ ഇനി അവർക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ല. ജമ്മുകശ്മീരിൽ പിഡിപി ഒറ്റയ്ക്ക് മത്സരിക്കും.”- മെഹ്ബൂബ മുഫ്തി പറഞ്ഞു. എൻസി നേതൃത്വത്തിന്റെ മനോഭാവം വേദനാജനകമാണ്. പിഡിപിയെ അപമാനിക്കാൻ ശ്രമിച്ചതിനെതിരെ ശക്തമായി പോരാടുമെന്നും മുഫ്തി കൂട്ടിച്ചേർത്തു.
ഏപ്രിൽ 19 ( ഉദംപൂർ) ഏപ്രിൽ 26 (ജമ്മു) മെയ് 7 ( അനന്തനാഗ്- രജൗരി) മെയ് 13 ( ശ്രീനഗർ) മെയ് 20 ( ബാരാമുള്ള) എന്നിങ്ങനെ 5 ഘട്ടങ്ങളായാണ് ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിന് ഫലപ്രഖ്യാപനം നടക്കും.