ഭോപ്പാൽ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപിയോട് മത്സരിക്കാനുള്ള ധൈര്യം പോലും കോൺഗ്രസ് കാണിക്കുന്നില്ലെന്ന് സ്മൃതി ഇറാനി വിമർശിച്ചു. വോട്ടെടുപ്പ് നേരിടാനുള്ള ശക്തി കോൺഗ്രസിന് ഇല്ലാത്തതിനാലാണ് ഖജുരാഹോ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതെന്നും സ്മൃതി തുറന്നടിച്ചു. മധ്യപ്രദേശിലെ ഖജുരാഹോ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജെപി നേതാവ് വിഡി ശർമ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു സ്മൃതി ഇറാനി.
” ബിജെപിയോട് പൊരുതി തോൽക്കാനുള്ള ധൈര്യം പോലും കോൺഗ്രസിനില്ല. അത് കൊണ്ടാണ് ഖജുരാഹോ മണ്ഡലത്തിൽ അവർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരുന്നത്. ലോക്‌സഭാ വോട്ടെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസ് പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു.”- സ്മൃതി ഇറാനി പറഞ്ഞു.
വിഡി ശർമ്മ വിജയിക്കുമെന്നും കോൺഗ്രസ് അവരുടെ പരാജയം ഇപ്പോൾ തന്നെ അംഗീകരിച്ചെന്നും സമൃതി കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ മധ്യപ്രദേശിലെ പന്ന കളക്ടറേറ്റിൽ എത്തിയാണ് വി ഡി ശർമ്മ നാമനിർദേശ പത്രിക സമർപ്പിച്ചത്.