ന്യൂഡൽഹി: പ്രധാനമന്ത്രിയാണ് തന്റെ പ്രചോദനത്തിന്റെ ഉറവിടമെന്നും പൂർണ ഹൃദയത്തോടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും കങ്കണ റണാവത്ത്. ഹിമാചലിലെ മാണ്ഡിയിൽ എൻഡിഎ സ്ഥാനാർത്ഥിയായ കങ്കണ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
“എനിക്കുൾപ്പെടെ എല്ലാവർക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. 20 വർഷമായി ഞാൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നു. ഞാൻ ബിജെപി നേതാവ് അല്ല, മറിച്ച് ജനങ്ങളെ സേവിക്കാൻ വേണ്ടിയുള്ള സ്ഥാനാർത്ഥി മാത്രമാണ്. ബിജെപിയുമായി സ്വാഭാവികമായ അടുപ്പം എനിക്കുണ്ട്. അതിലുപരി അവകാശങ്ങൾക്ക് വേണ്ടി പോരാടണമെന്ന ഭഗവദ് ഗീതയിലെ പാഠങ്ങളിൽ ഞാൻ വിശ്വസിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആരാധികയുമാണ് ഞാൻ.
“മോദി സർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്നതാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പ്രധാനമന്ത്രിക്ക് ജനങ്ങളോട് പറയാനുള്ള സന്ദേശമാണ് ഞങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ജനങ്ങളെ അറിയിക്കുന്നത്. കോൺഗ്രസിൽ അഴിമതിക്കാരുണ്ട്. അത്തരം ആൾക്കാരെ ബഹുമാനിക്കാൻ എനിക്കാകില്ല. അർഹതയുള്ളവരെ മാത്രമേ ബഹുമാനിക്കുകയുള്ളൂ”- കങ്കണാ റണാവത്ത് പറഞ്ഞു.