ന്യൂഡൽഹി: രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ ചോദ്യമുയർത്തി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാഹുലിനെ വയനാട്ടിൽ മത്സരിപ്പിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ദീർഘവീക്ഷണമില്ലാത്ത തീരുമാനമാണെന്ന് മുതിർന്ന സിപിഐ നേതാവ് പറഞ്ഞു . വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജയുടെ ഭർത്താവാണ് ഡി. രാജ.
ബിജെപിക്കതിരെ രാഹുൽ രണ്ട് യാത്രകൾ നടത്തി. ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും. ഈ രണ്ട് യാത്രകളിലും ബിജെപിയെയും ആർഎസ്എസിനെയും വിമർശിച്ചയാൾക്ക് പക്ഷെ തെരഞ്ഞെടുപ്പ് വരുമ്പോൾ, ബിജെപിക്കെതിരെ പോരാടാൻ സാധിക്കുന്നില്ല. ഇടതുപക്ഷത്തോട് പോരാടാനാണ് അദ്ദേഹം തയ്യാറായിരിക്കുന്നത്. ഇതുവഴി എന്ത് സന്ദേശമാണ് കോൺഗ്രസ് ജനങ്ങൾക്ക് നൽകുന്നതെന്ന് ഡി.രാജ ചോദിച്ചു.
കോൺഗ്രസ് ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാലും പല സ്ഥലങ്ങളുണ്ട്. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ മത്സരിപ്പിക്കാൻ എന്തുകൊണ്ട് കോൺഗ്രസ് തയ്യാറായില്ല. എന്തുകൊണ്ട് വയനാട്? അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയിലെ കക്ഷികളാണ് സിപിഐയും കോൺഗ്രസും.
ഡൽഹിയിൽ പോരാട്ടം ബിജെപിക്കെതിരെ എന്ന് പറയുന്ന പാർട്ടികളാണ് കേരളത്തിൽ ഏറ്റുമുട്ടുന്നത്. ന്യൂനപക്ഷ വോട്ട് ഉറപ്പിച്ച് സുരക്ഷിത മണ്ഡലമെന്ന വിലയിരുത്തലാണ് രാഹുലിനെ 2019ൽ വയനാട്ടിൽ എത്തിച്ചത്. അന്ന് അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയുമായി ഏറ്റുമുട്ടിയപ്പോൾ കനത്ത പരാജയമാണ് രാഹുൽ ഏറ്റുവാങ്ങിയത്.