ലക്നൗ: സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് കോൺഗ്രസ് പഠിക്കണമെന്ന് ബിജെപി നേതാവ് ഹേമമാലിനി. കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.
ജനശ്രദ്ധ ലഭിക്കാനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമം. അതിനായി അവർ ജനപ്രിതിയുള്ള ആളുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു. ജനപ്രീതിയില്ലാത്തവരെ ടാർഗെറ്റുചെയ്യുന്നത് അവർക്ക് ഗുണം ചെയ്യില്ല. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് പഠിക്കണമെന്നും, അവർ കൂട്ടിച്ചേർത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുയായിരുന്നു ബിജെപി നേതാവ്. കൃഷ്ണ ജന്മഭൂമിയായ ലക്നൗവിൽ നിന്നാണ് ഹേമാമാലനി ജനവിഥി തേടുന്നത്.മൂന്നാം തവണയും മഥുരയിലെ ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഹേമമാലനി പറഞ്ഞു.
സ്ത്രീ വിരുദ്ധ പരാമർശം നടത്തി കോൺഗ്രസ് നേതാവിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സ്ത്രീശക്തിയെ അപമാനിക്കുക എന്നത് മാത്രമാണ് കോൺഗ്രസ് നേതാക്കളുടെ വ്യക്തിത്വമെന്ന് ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല വിമർശിച്ചു. വിഷയത്തിൽ ഇടപെട്ട ഹരിയാന വനിതാ കമ്മീഷൻ രൺദീപ് സിങ് സുർജേവാലയ്‌ക്ക് നോട്ടീസ് അയച്ചു. ഏപ്രിൽ 9ന് ഹാജരാകാൻ കമ്മീഷൻ സുർജേവാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.















