പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠൻ എസ്ഡിപിഐയുടെ പിന്തുണ പരോക്ഷമായി സ്വീകരിച്ചിരിക്കുകയാണെന്ന് പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. യുഡിഎഫിന് എസ്ഡിപിഐ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൃഷ്ണകുമാറിന്റെ പരാമർശം. ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കുടുംബങ്ങളോടുള്ള വലിയ വഞ്ചനയാണ് യുഡിഎഫ് ചെയ്യുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
”ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും ഉൾപ്പെടെയുള്ള കൊലപതാകങ്ങളിൽ ഉത്തരവാദികളായിട്ടുള്ള, രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള, പിഎഫ്‌ഐയുടെ മറ്റൊരു രൂപമാണ് എസ്ഡിപിഐ. ഇവരുടെ പിന്തുണ സ്വീകരിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി തയ്യാറായിരിക്കുകയാണ്. ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളുടെ പിന്തുണ സ്വീകരിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി തയ്യാറാകുന്നതിലുള്ള കാര്യം പാലക്കാട്ടെ വോട്ടർമാർ തിരിച്ചറിയും. മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളിലെ വലിയൊരു വിഭാഗം എസ്ഡിപിഐക്കെതിരായ നിലപാടാണ് സ്വീകരിക്കുക. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇൗ നിലപാടിനെ മുസ്ലീം സമുദായം തന്നെ തള്ളിക്കളയും എന്ന കാര്യത്തിൽ സംശയമില്ല.” സി കൃഷ്ണകുമാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുപോലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമരവിരിയും. രണ്ടക്കത്തിൽ കൂടുതൽ സീറ്റുകളിലായിരിക്കും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കുക. അതിലൊരു മണ്ഡലം പാലക്കാട് ആയിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് ബിജെപി ജയസാധ്യത നിലനിർത്തുന്ന എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണ്. മണ്ഡലത്തിനാകെ പരിചിതനായ സ്ഥാനാർത്ഥിയാണ് അദ്ദേഹം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സി കൃഷ്ണകുമാർ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു.