കാസർകോട്: ബിജെപിക്കായി വോട്ടുതേടിയെത്തുന്ന പ്രവർത്തകരോട് ജനങ്ങൾ പറയുന്നത് എൻഡിഎ സർക്കാർ 400-ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭാരതത്തെ വികസിത രാജ്യമാകുമെന്നും മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയർത്തുമെന്നുമാണ് ബിജെപിയുടെ ഇത്തവണയുടെ പ്രഖ്യാപനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നരേന്ദ്രമോദിയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നവരോട് ചോദിക്കാനുള്ളത് ആരാണ് നിങ്ങളുടെ നേതാവ്, എന്താണ് നിങ്ങളുടെ ലക്ഷ്യം എന്നതാണ്. രാജ്യത്തെ കൊള്ളയടിക്കലാണ് നിങ്ങളുടെ ഉദ്ദേശ്യമെന്ന് എല്ലാവർക്കും അറിയാം. ഇൻഡി മുന്നണിയുടെ അവസ്ഥ എന്താണെന്ന് വയനാട്ടിൽ കണ്ടു. അവിടെ ഇടതുമുന്നണി കോൺഗ്രസിനോട് ചോദിക്കുന്നു നിങ്ങൾ എന്തിനാണ് ഇവിടെ മത്സരിക്കുന്നതെന്ന്. കോൺഗ്രസിനോട് അമേഠിയിൽ അല്ലെങ്കിൽ വടക്കേ ഇന്ത്യയിൽ പോയി ബിജെപിക്ക് എതിരെ മത്സരിക്കാനാണ് അവർ പറയുന്നത്. വയനാട്ടിൽ പരസ്പരം ചേരിതിരിഞ്ഞ് പോരാടുന്ന ഇവർ ഡൽഹിയിൽ കെട്ടിപ്പിടുത്തമാണ് നടത്തുന്നതെന്നും സ്മൃതി ഇറാനി പരിഹസിച്ചു.
കേരളത്തിൽ പരസ്പരം ചീത്ത പറയുന്ന ഇവരുടെ ലക്ഷ്യം സാധാരണക്കാരെ കൊള്ളയടിക്കുക, രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുക എന്നതാണ്. ഒരു ഭാഗത്ത് നരേന്ദ്രമോദി രാജ്യത്തെ വികസിതമാക്കാൻ ശ്രമിക്കുമ്പോൾ ഇൻഡി മുന്നണി കൊള്ളയടിക്കാൻ ശ്രമിക്കുകയാണ്. സഹകരണ വകുപ്പിനെ ശക്തിപ്പെടുത്താനായി കേന്ദ്രസർക്കാർ ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചപ്പോൾ ഇൻഡി മുന്നണി കേരളത്തിലെ സഹകരണ ബാങ്കുകൾ കൊള്ളടിച്ചെന്നും സ്മൃതി ഇറാനി പറഞ്ഞു.















